മലപ്പുറത്തെ ഭദ്രകാളി ക്ഷേത്രം മുസ്‍ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമം അട്ടിമറിച്ചു; ആര്‍.എസ്.എസ് മുഖപത്രത്തിന്‍റെ വ്യാജവാര്‍ത്ത
ഡല്‍ഹി: മലപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവളപ്പിലെ കെട്ടിടത്തിനു പച്ച പെയിന്‍റ് അടിച്ച സംഭവത്തെ വളച്ചൊടിച്ച് ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഭദ്രകാളി ക്ഷേത്രം മുസ്‍ലിം പള്ളിയാക്കാനുള്ള നീക്കത്തെ ഹിന്ദു ഐക്യവേദി (HAV) ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകള്‍ അട്ടിമറിച്ചു എന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.മുസ്‍ലിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറത്തെ പ്രശസ്തമായ തിരുമാന്ധാംകുന്ന് ഭദ്രകാളി ക്ഷേത്രത്തിൽ സി.പി.എം ആധിപത്യം പുലർത്തുന്ന ഭരണസമിതി ക്ഷേത്ര സമുച്ചയത്തിന് പച്ച നിറം പൂശിയതോടെയാണ് സംഭവം വിവാദമായതെന്നും ലേഖനത്തില്‍ പറയുന്നു.
പച്ച നിറം പൂശിയതോടെ കെട്ടിടത്തിന് മസ്ജിദിന്‍റെ രൂപമായി. ഇതിനെ തുടര്‍ന്ന് പെയിന്‍റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും മറ്റ് സംഘടനകളും ക്ഷേത്ര കമ്മിറ്റിക്ക് നിവേദനം സമര്‍പ്പിച്ചു. നടപടിയെടുത്തില്ലെങ്കില്‍ പെയിന്‍റ് മാറ്റിയടിക്കുമെന്നും പറഞ്ഞു. അവസാനം ക്ഷേത്രം കമ്മിറ്റിക്കാര്‍ മുട്ടുമടക്കുകയും പെയിന്‍റ് മാറ്റി അടിക്കുകയുമായിരുന്നുവെന്ന് വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന അങ്ങാടിപ്പുറം പൂരത്തിന് മുന്നോടിയായാണ് കെട്ടിടത്തിന് പച്ച പെയിന്‍റ് അടിച്ചത്. മുസ്‍ലിം ലീഗ് നേതാവ് എം.പി അബ്ദുസമദ് സമദാനി എം.പിയാണ് ക്ഷേത്ര കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി.മഞ്ഞളാംകുഴി അലി എം.എല്‍.എയാണ് ചെയര്‍മാന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് റഫീഖ, ജില്ലാ പഞ്ചായത്തംഗം ഷഹർബാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സയീദ എന്നിവരും കമ്മിറ്റിയിലുണ്ട്.
സി.പി.എമ്മും മുസ്‍ലിം നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണിതെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നു. ക്ഷേത്ര കമ്മിറ്റിയുടെ ഹിന്ദു വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ശശികല ടീച്ചറും രംഗത്തെത്തിയിരുന്നുവെന്നും വാര്‍ത്തയിലുണ്ട്.മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമാണ് തിരുമാന്ധാംകുന്ന്.
ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന് പച്ച പെയിന്‍റ് അടിച്ചതാണ് ഒരു വിഭാഗം വിവാദമാക്കിയത്. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. തുടര്‍ന്ന് പച്ചനിറം മാറ്റി ചന്ദന കളര്‍ അടിക്കുകയായിരുന്നു.
Post a Comment