JHL

JHL

കാഞ്ഞങ്ങാട് സ്കൂട്ടർ തടഞ്ഞ് പ്രവാസിയെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് യുവമോർച്ച നേതാവിന്റെ വീട്ടിൽനിന്ന്


 കാഞ്ഞങ്ങാട് : പ്രവാസിയും കൊടവലം കൊമ്മട്ട സ്വദേശിയുമായ ചന്ദ്രനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടുപേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്‌ ചെയ്തു. മാവുങ്കാൽ മേലടുക്കത്തെ പ്രശോഭ്‌ (23), മൂലക്കണ്ടത്തെ ശ്യാംകുമാർ (33) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്.

യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വൈശാഖിന്റെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു പ്രതികൾ. വീട്ടിലെത്തിയ പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇൻസ്‌പെക്ടർ കെ.പി. ഷൈനും സംഘവും ഇരുവരെയും കീഴ്‌പ്പെടുത്തി.


ഈ മാസം 17-നാണ് ചന്ദ്രന് വെട്ടേറ്റത്. ഭാര്യ രമ്യയ്‌ക്കൊപ്പം കാഞ്ഞങ്ങാട്ടുനിന്ന്‌ സ്‌കൂട്ടറിൽ കൊടവലത്തേക്കു പോകുകയായിരുന്നു. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗസംഘം ചന്ദ്രനെ തടഞ്ഞുനിർത്തി വടിവാൾകൊണ്ട് കാലിന്‌ വെട്ടുകയുമായിരുന്നു.

മദ്യക്കടത്തു കേസിൽ പ്രശോഭ്‌ ഗൾഫിലെ ജയിലിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ചന്ദ്രനെ ആക്രമിക്കുന്നതിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു.

ആക്രമിസംഘത്തിലെ നാലുപേർ ഒളിവിലാണ്. അതിനിടെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച യുവമോർച്ച നേതാവ് വൈശാഖിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

No comments