JHL

JHL

വീണ്ടും കാട്ടാന ആക്രമണം; സിങ്കുകണ്ടത്ത് രണ്ട് പേരെ ആക്രമിച്ചു, അട്ടപ്പാടിയില്‍ ജീപ്പ് മറിച്ചിട്ടു


 ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇടുക്കി സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് രണ്ട് പേര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഒരാളുടെ കാലിന് പരുക്കേറ്റു. ആനയെ കണ്ട് ഓടുന്നതിനിടെയാണ് വീണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. സിങ്കുകണ്ടത്ത് ഒന്നര ഏക്കറോളം കൃഷി ആന നശിപ്പിച്ചു.

പാലക്കാട് അട്ടപ്പാടിയിലും കാട്ടാനയുടെ ആക്രമണമുണ്ടായി. ഓടിക്കൊണ്ടിരുന്ന ജീപ്പിന് നേരെ പാഞ്ഞടുത്ത കാട്ടാന ജീപ്പ് മറിച്ചിട്ടു. ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സ്വകാര്യ റിസോര്‍ട്ടിലൂടെ ആനകള്‍ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം അരിക്കൊമ്പന്‍ കേസിലെ കോടതി നടപടിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് നാട്ടുകാര്‍. അരിക്കൊമ്പന്‍ ആക്രമണം നടത്തിയ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ ഇന്ന് ധര്‍ണ നടത്തും. ഉച്ച കഴിഞ്ഞ് മൂന്നുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് സമരം. ആക്രമണത്തില്‍ തകര്‍ന്ന വീടുകളുടെ ഉടമകളേയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തി അരിക്കൊമ്പനെ പിടികൂടുന്നത് വരെ സമരം നടത്താനാണ് വ്യാഴാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം. സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു.

No comments