ജയ്പൂര്‍ സ്‌ഫോടനക്കേസ്; വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് മുസ്‌ലിം യുവാക്കളെ വെറുതെ വിട്ട് ഹൈക്കോടതി
ജയ്പൂർ: ജയ്പൂർ ബോംബ് സ്ഫോടന പരമ്പര കേസിൽ പ്രതികളെന്നാരോപിച്ച് വധശിക്ഷ വിധിച്ച നാല് പേരെ വെറുതെ വിട്ടു കൊണ്ട് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജെയ്ൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സൽമാൻ, സർവാർ ആസ്മി, സയർ റഹ്മാൻ എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ടത്.2008 മെയ് 13നായിരുന്നു രാജസ്ഥാനെ നടുക്കിയ സ്ഫോടനങ്ങൾ നടന്നത്.
ചാന്ദ്പോൾ ഗേറ്റ്, ഛോട്ടി ചൗപദ് ട്രിപ്പോളിയ ഗേറ്റ്, മനക് ചൗക്ക് ഖണ്ഡ്, സംഗനേരി ഗേറ്റ്, ജോഹ്രി ബസാർ എന്നിവിടങ്ങളുൾപ്പെടെ സംസ്ഥാനത്തെ എട്ട് സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 71 ആളുകൾ കൊല്ലപ്പെടുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.അന്വേഷണം നേരായ ദിശയിലല്ല നടന്നതെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ സമൂഹത്തിന്റെയും നീതിയുടെയും താത്പര്യം മുൻ നിർത്തി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ മേൽ നടപടികൾ സ്വീകരിക്കാൻ കോടതി രാജസ്ഥാൻ ഡി.ജി.പിയോട് നിർദേശിച്ചു.
വിചാരണക്കോടതി വിശ്വാസയോഗ്യമായ തെളിവുകളെ ആശ്രയിച്ചല്ല വിധി പുറപ്പെടുവിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തലുകളെല്ലാം തെറ്റാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനെ തുടർന്നാണ് നാല് പേരെയും വെറുതെവിട്ടതെന്നും കുറ്റാരോപിതർക്കായി ഹാജരായ സയ്യിദ് സാദത് അലി പറഞ്ഞു.
‘വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റാരോപിതരിൽ ഒരാൾപ്രായപൂർത്തിയാകാത്ത വ്യക്തിയായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. നാലുപേർക്കെതിരെയും മതിയായ തെളിവുകളില്ലെന്ന്വ്യക് തമാക്കിക്കൊണ്ടാണ് കോടതി ഇവരെ വെറുതെ വിട്ടത്. ഭീകരവിരുദ്ധസേനയും പ്രോസിക്യൂഷനും ആരോപണങ്ങൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടു,’ സാദത് അലി പറഞ്ഞു.
അതിനിടെ സ്ഫോടനക്കേസിൽ നാല്പേരെ വെറുതെ വിട്ടത് ഹൈക്കോടതിയുടെ വലിയ തെറ്റാണെന്നും അശോക് ഗൊത് സർക്കാരിന്റെ പരാജയമാണെന്നും ആരോപിച്ച് രാജസ്ഥാൻ മുൻ ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂനിയ രംഗത്തെത്തി.
Post a Comment