JHL

JHL

സി എഫ് എൽ ലാമ്പിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ


 മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലൂടെയുളള സ്വര്‍ണക്കടത്തിനെതിരെ കസ്റ്റംസിന് പിന്നാലെ എയര്‍പോര്‍ട്ട് പൊലീസും പരിശോധന ശക്തമാക്കി.


ഇതിന്റെ ഭാഗമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 86 ലക്ഷം രൂപ വിലവരുന്ന 1516-ഗ്രാം സ്വര്‍ണം പൊലിസ് പിടികൂടി. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നേ പത്തിന് അബുദാബിയില്‍ നിന്നും വന്ന ഗോഫസ്റ്റ് വിമാനത്തില്‍ വന്ന കാസര്‍കോട് ആലമ്ബാടി സ്വദേശിയായ യുവാവാണ്് സ്വര്‍ണം അതിവിദഗ്ദ്ധമായി കടത്തുന്നതിനിടെ പിടിയിലായത്.


കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട് പൊലിസും പൊലിസ് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കാസര്‍കോട് സ്വദേശിയായ ഷെറഫാത്ത് മുഹമ്മദില്‍ നിന്നും സി. എഫ്. എല്‍. ലൈറ്റിനുളളിലും മറ്റുവീട്ടുപകരണങ്ങളിലും കട്ടകളാക്കി സൂക്ഷിച്ച സ്വര്‍ണം പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം പൊലിസ് കോടതിയില്‍ ഹാജരാക്കും.


കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും എയര്‍പോര്‍ട്ട് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണന്‍, എസ്. ഐ സന്തോഷ്, സുധീര്‍, സാദിഖ്, മുഹമ്മദ് ഷമീര്‍, ലിജിന്‍, ഷമീര്‍ റനീഷ്, എന്നിവരും എയര്‍പോര്‍ട്ടിലും പരിസരങ്ങളിലും നടത്തിയ നിരീക്ഷണത്തിലാണ് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.ഇതിനു മുന്‍പും എയര്‍പോര്‍ട്ട് പൊലിസ് വിമാനത്താവളത്തിന് പുറത്തു വെച്ചു ചെക്ക് ഔട്ട് പരിശോധനകഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണക്കടത്ത് വ്യാപകമായതിനെ തുടര്‍ന്ന് കസ്റ്റംസിനു പുറമേ പൊലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കസ്റ്റംസിനെ വിദഗ്ദധമായി കബളിപ്പിച്ചു കടത്തു സ്വര്‍ണവുമായി പുറത്തുവരുന്നവരെയാണ് പൊലിസ് രഹസ്യമായി നിരീക്ഷിച്ചു പിടികൂടുന്നത്.ഇവരുടെ ഭാവചലനങ്ങള്‍ സി സി ടി വി ക്യാമറകളിലൂടെ അതീവ രഹസ്യമായി നിരീക്ഷിച്ചാണ് പൊലിസ് കസ്റ്റഡിയിലെടുത്തു പരിശോധിക്കുന്നത്. പുതിയ വര്‍ഷം പിറന്നതിനു ശേഷം മൂന്ന് മാസം പിന്നിടും മുന്‍പേ കോടികളുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. നവാഗത വിമാനതാവളമായ കണ്ണൂര്‍ സ്വര്‍ണക്കടത്തുകാരുടെ ഹബ്ബായി മാറിയിരിക്കുകയാണ്.മംഗ്ളൂര്, കരിപ്പൂര്‍, നെടുമ്ബാശേരി, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും പിടികൂടുന്ന സ്വര്‍ണത്തിന്റെ അളവിനൊക്കള്‍ കൂടുതലാണ് കണ്ണൂരില്‍ നിന്നും പിടികൂടുന്നത്. സ്വര്‍ണം മാത്രമല്ല വിദേശ കറന്‍സികളും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഡോളറും റിയാലും അടക്കമുളളവയാണ് കഴിഞ്ഞ മാസങ്ങളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പിടികൂടിയത്. വരുംദിനങ്ങളിലും റെയ്ഡു ശക്തമാക്കാനാണ് കസ്റ്റംസിന്റെയും പൊലിസിന്റെയും തീരുമാനം

No comments