സി എച് സി പരിസരത്ത് സാമൂഹ്യ വിരുദ്ധർ സംഘം ചേരുന്നത് പതിവാകുന്നു കുമ്പളയുടെ സമാധാന അന്തരീക്ഷത്തിന് കരിനിഴൽ വീഴ്ത്തിയേക്കുമെന്ന് ആശങ്ക
കുമ്പള.കഴിഞ്ഞ കുറച്ച് കാലങ്ങളായി സമാധാന അന്തരീക്ഷം നിലനിന്നിരുന്ന കുമ്പള സിഎച്ച്സി പരിസരം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.ഇവിടെ രണ്ടാഴ്ച്ചയിലേറെയായി ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള പാർക്കിൽ രാത്രി കാലങ്ങളിലടക്കം കുറച്ച് യുവാക്കൾ സംഘം ചേരുന്നത് പതിവായതാണ് ആശങ്കക്ക് ഇടയാക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ആശുപത്രി കോമ്പൗണ്ടിനോട് ചേർന്ന് നിർമിച്ച ഇരിപ്പിടം കേന്ദ്രീകരിച്ചായിരുന്നു സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.
സംഘടിക്കുകയും മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കൽ പതിവായതോടെ നാട്ടുകാർ ചോദ്യം ചെയ്ത് തുടങ്ങിയതാണ് അന്ന് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.പിന്നീട് അത് സംഘർഷത്തിലേക്ക് നീങ്ങുകയും മൂന്ന് യുവാക്കൾ ആക്രമണത്തിന് ഇരയാകുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായത് .
കുണ്ടങ്കറടുക്കയിലെ ഹുസൈൻ്റെ മകൻ സലീമിന് വെട്ടേൽക്കുകയും കുണ്ടങ്കറടുക്കയിലെ ജുനൈദ്, കബീർ എന്നിവർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു.പിന്നീട് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ് പി.എച്ച്. റംല, കുമ്പള സി.ഐ ടി പി രജ്ഞിത്ത് എന്നിവരുടെ ശക്തമായ നടപടിയുടെ ഭാഗമായി സംഘം നിർമിച്ച ഇരിപ്പിടം പൊളിച്ച് മാറ്റുകയാണുണ്ടായത്.തുടർന്ന് ഇവിടെ ഓട്ടോ സ്റ്റാൻഡിന് പിറകിലായി മിനി പാർക്ക് നിർമിക്കുകയായിരുന്നു.
നായിക്കാപ്പ്,മായിപ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് വീണ്ടും ഇവിടെ സംഘടിക്കാൻ തുടങ്ങിയത്.
ഇതോടെ ആശുപത്രിയിൽ എത്തുന്ന രോഗികൾ ഉൾപ്പെടെയുള്ളവരും നാട്ടുകാരും ഭീതിയിലാണ്. രാത്രി സമയങ്ങളിൽ പാർക്കിനോട് ചേർന്ന് മദ്യപിക്കുകയും വഴിയിൽ പോകുന്നവരെ വെല്ലുവിളിക്കുകയും ചെയ്യുന്നതായും പരാതി ഉയർന്നു.
Post a Comment