കര്‍ണാടകത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്, ബിജെപിയില്‍ തമ്മിലടി
മംഗളൂരു: കര്‍ണാടകത്തില്‍ നേതാക്കള്‍ പാര്‍ടിവിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിനിടെ ബിജെപിയില്‍ ചേരിപ്പോരും രൂക്ഷം.
പട്ടികജാതി വിഭാഗമായ മാദിഗ സമുദായത്തിലെ പതിനഞ്ചിലധികം പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ പിന്തുണ നല്‍കിയ സമുദായത്തിലെ നേതാക്കള്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയത് ബിജെപിയെ ഞെട്ടിച്ചു. മാദിഗ റിസര്‍വേഷന്‍ ഹോരാട്ട സമിതിയിലെ പ്രധാന നേതാക്കളായ അംബണ്ണ അരോലിക്കര്‍, തിമ്മപ്പ അല്‍കൂര്‍, രാജണ്ണ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
എ ജെ സദാശിവ കമീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തിനുള്ളില്‍ ആഭ്യന്തര സംവരണം ഏര്‍പ്പെടുത്തുന്നതില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് 2018-ല്‍ മാദിഗ സമുദായം ബിജെപിക്കൊപ്പം നിന്നത്. എന്നാല്‍, കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരുന്നിട്ടും ബിജെപി തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിനൊപ്പം പോകാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.
അതിനിടെ ബിജെപി എംഎല്‍സി ബാബുറാവു ചിഞ്ചന്‍സുര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അഴിമതി ആരോപണമുന്നയിച്ച് പുട്ടണ്ണയും ഏതാനും ദിവസംമുമ്ബ് എംഎല്‍സി സ്ഥാനം രാജിവച്ച് ബിജെപി വിട്ടിരുന്നു. മുന്‍ എംഎല്‍എമാരായ ജി എന്‍ നഞ്ചുണ്ട സ്വാമി, മനോഹര്‍ ഐനാപ്പുര്‍, മുന്‍ മൈസൂരു മേയര്‍ പുരുഷോത്തം എന്നിവരും ഈയടുത്താണ് കോണ്‍ഗ്രസില്‍ എത്തിയത്. ലിംഗായത്ത് നേതാക്കളായ മുന്‍ എംഎല്‍എ കെ എസ് കിരണ്‍കുമാര്‍, എച്ച് ഡി തിമ്മയ്യ എന്നിവരും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി. കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയില്‍ പാര്‍ടി പരിപാടിയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന മന്ത്രി സോമണ്ണയും പാര്‍ടി വിട്ടേക്കും.
അതിനിടെ താന്‍തന്നെ അടുത്ത മുഖ്യമന്ത്രിയെന്ന ബസവരാജ് ബൊമ്മെയുടെ പ്രസ്താവന ബിജെപിക്കുള്ളിലെ ചേരിപ്പോര് കൂടുതല്‍ വഷളാക്കി. മുഖ്യമന്ത്രി സ്ഥാനത്തില്‍ കണ്ണും നട്ടിരിക്കുന്ന ബി എല്‍ സന്തോഷ്, പ്രഹ്ലാദ് ജോഷി, അശ്വത്ത് നാരായണ്‍ തുടങ്ങിയവരെല്ലാം ബൊമ്മെയുടെ പ്രഖ്യാപനത്തില്‍ അതൃപ്തരാണ്.
Post a Comment