JHL

JHL

പാണത്തൂർ അപകടം; കാരണം ഡ്രൈവറുടെ പിഴവ്;7 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു

 
കാഞ്ഞങ്ങാട് (www.truenewsmalayalam.com 03 January 2021) ​: പാണത്തൂർ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെടാൻ കാരണം ഡ്രൈവറുടെ പിഴവെന്ന് വെളിപ്പെടുത്തല്‍. ബസ് അപകടത്തില്‍ മരിച്ച ഏഴ് പേരെയും തിരിച്ചറിഞ്ഞു. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. 

അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട് വാള്‍ സ്വദേശി ശശിധര പൂജാരി(43), പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധര പൂജാരി മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആദര്‍ശിന്റെ മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി, സുള്ള്യ സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

പാണത്തൂർ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ എല്ലാ സംവിധാനങ്ങളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പുടങ്കല്ല് താലൂക് ആശുപത്രിയിലും ഒരുക്കിയതായി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ ഏഴ് പേർ മരിച്ചതിൽ റവന്യു വകുപ്പ് മന്ത്രി അനുശോചനം രേഖപ്പെടുത്തി.

പാണത്തൂര്‍ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീയ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

No comments