JHL

JHL

കാട്ടാനകൾ വീണ്ടും കൃഷിയിടങ്ങളിൽ; വനംവകുപ്പ് ജീവനക്കാർ കൃഷിയിടത്തിൽ കാവൽ

ചിറ്റാരിക്കാൽ(www.truenewsmalayalam.com 16 JANUARY 2021): തയ്യേനി അത്തിയടുക്കത്ത് കൃഷിയിടങ്ങളിലേക്കു വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ കാട്ടാനക്കൂട്ടങ്ങൾ പകൽ സമയത്തുപോലും കൃഷിയിടങ്ങളിൽ വിഹരിക്കുകയാണ്. കർണാടക വനാതിർത്തിയിലെ അത്തിയടുക്കം 48 ഏക്കറിലാണ് കാട്ടാനകൾ കൂട്ടത്തോടെയെത്തുന്നത്. മുൻപ് രാത്രികാലങ്ങളിലാണ് ആനകൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകൽ സമയത്തുപോലും കാട്ടാനകൾ ഇവിടെനിന്നും പോകുന്നില്ലെന്നു നാട്ടുകാർ പറയുന്നു.  വനം വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തി കാട്ടാനകളെ പടക്കം പൊട്ടിച്ചാണ് തുരത്തിയത്. കൃഷിയിടത്തിൽനിന്നും ആളുകൾ മാറുന്നതോടെ വീണ്ടും ആനകൾ ഇവിടേയ്ക്കെത്തും. കമുക്, തെങ്ങ് തൈകളും ഏത്തവാഴകളുൾപ്പെടെയുള്ള വിളകളുമാണ് ഇവിടെ ഏറെയും നശിപ്പിച്ചിട്ടുള്ളത്. കൊന്നക്കാട് ഫോറസ്റ്റ് ബീറ്റിലെ ഗാർഡുമാരായ വി.വി.പ്രകാശൻ,  ഡോണ കെ.അഗസ്റ്റ്യൻ, ടി.വി.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജീവനക്കാർ ഇന്നലെ അത്തിയടുക്കത്തെ കൃഷിയിടത്തിലെത്തിയിരുന്നു. കൃഷിയിടത്തിൽനിന്നും കാട്ടാനകളെ വനത്തിലേക്ക് തിരിച്ചയക്കാൻ സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിമുതൽ ജീവനക്കാർ കൃഷിയിടത്തിൽ കാവൽ നിൽക്കുന്നുണ്ട്. ഈസ്റ്റ് എളേരി, ബളാൽ പഞ്ചായത്തിലെ വനാതിർത്തികളിൽ സോളാ‍ർ ഫെൻസിങ് പൂർത്തിയാക്കണമെന്നാണ്  കർഷകരുടെ ആവശ്യം.

No comments