JHL

JHL

ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കി ലോക ചാമ്പ്യന്മാരായി അർജന്റീന


ആകാശനീല പടര്‍ന്ന ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനന്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച് ലയണല്‍ മെസി. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തി അര്‍ജന്റീന ഫുട്‌ബോളിലെ പുതിയ ലോകചാമ്പ്യന്മാരായി. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ കീഴടക്കിയാണ് മെസിയും സംഘവും പൊന്നിന്‍ കിരീടത്തില്‍ മുത്തമിട്ടത്. അര്‍ജന്റീനയുടെ മൂന്നാം ലോക കിരീടമാണിത്. 1978ലും 1986ലും അര്‍ജന്റീന ലോകചാമ്പ്യന്മാരായിരുന്നു. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീനയുടെ നേട്ടം. അവസാന ലോകകപ്പിലാണ് മെസി രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുന്നത്.

ആദ്യ പകുതിയില്‍ നായകന്‍ ലയണല്‍ മെസിയും എഞ്ചല്‍ ഡി മരിയയുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ അവസാന പത്ത് മിനുറ്റുകളിലായിരുന്നു ഫ്രാന്‍സിന്റെ തിരിച്ചടി. 80ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച കിലിയന്‍ എംബാപ്പെ, 81ാം മിനുറ്റിലും വല കുലുക്കിയതോടെ മത്സരം സമനിലയിലായി. വിജയഗോളിനായി ഇരു ടീമുകളുടെ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ, മത്സരം അധികസമയത്തേക്ക് കടന്നു. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ മെസിയും രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയില്‍ എംബാപ്പെയും ഗോള്‍ നേടിയതോടെ മത്സരം വീണ്ടും സമനിലയിലായി. അതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

മത്സരത്തില്‍ തുടക്കം മുതല്‍ കളംനിറഞ്ഞത് മെസിയും സംഘവുമായിരുന്നു. ഫ്രഞ്ച് ബോക്‌സിലേക്ക് അവര്‍ നിരന്തരം ആക്രമിച്ചുകയറി. മൂന്നാം മിനുറ്റില്‍ തന്നെ ആദ്യ ഗോള്‍ ശ്രമമുണ്ടായി. റഫറി ഓഫ് വിളിക്കുമ്പോഴേക്കും പന്ത് ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് തടഞ്ഞിരുന്നു. അഞ്ചാം മിനുറ്റില്‍ മാക് അലിസ്റ്ററുടെ ഊഴമായിരുന്നു. അലിസ്റ്ററുടെ ലോങ് റേഞ്ചര്‍ പോസ്റ്റിലേക്ക് പാഞ്ഞടുത്തെങ്കിലും ലോറിസ് കൈപ്പിടിയിലൊതുക്കി. മത്സരത്തിലെ ആദ്യ കോര്‍ണറും അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നു. അത് ഗോള്‍ വരെ എത്തിയില്ല. 17ാം മിനുറ്റില്‍ എഞ്ചല്‍ ഡീ മരിയയ്ക്ക് സുവര്‍ണാവസരം. മെസി നീട്ടിയ പാസില്‍ മരിയയുടെ ഷോട്ട് പക്ഷേ, ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

അര്‍ജന്റീനന്‍ താരങ്ങളുടെ കാലില്‍ കൊരുത്ത പന്ത് കൃത്യമായി പിടിച്ചെടുത്ത് മുന്നേറാന്‍ ഫ്രഞ്ച് നിരയ്ക്ക് പലപ്പോഴും കഴിയാതെ വന്നു. 20ാം മിനുറ്റിലായിരുന്നു ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ ശ്രമം. അന്റോയ്ന്‍ ഗ്രീസ്മാന്‍ നല്‍കിയ ഫ്രീ കിക്കില്‍ ഒലിവര്‍ ജിറൂഡ് ഹെഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനുറ്റില്‍ കളിയില്‍ അര്‍ജന്റീന ആധിപത്യം സ്ഥാപിച്ചു. ബോക്‌സില്‍ ഡി മരിയയെ ഡെംബലെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. ഫ്രഞ്ച് നായകന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് പന്ത് വലയിലെത്തി. ടൂര്‍ണമെന്റില്‍ മെസിയുടെ ആറാം ഗോളിലൂടെ, 23ാം മിനുറ്റില്‍ അര്‍ജന്റീനയ്ക്ക് ലീഡ്.


ആദ്യ ഗോള്‍ വഴങ്ങിയിട്ടും ഫ്രാന്‍സിന്റെ പ്രതിരോധവും മുന്നേറ്റവും കളിയിലേക്ക് ഉണര്‍ന്നില്ല. അര്‍ജന്റീനയാകട്ടെ കളിയുടെ താളം വിട്ടുകളഞ്ഞതുമില്ല. ഫ്രഞ്ച് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ട് മികച്ച അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചെടുത്തു. 39ാം മിനുറ്റില്‍ അര്‍ജന്റീനയുടെ കളിമികവ് വീണ്ടും ലക്ഷ്യം കണ്ടു. കലാശപ്പോരില്‍ ആദ്യ പതിനൊന്നില്‍ ഇടം പിടിച്ച മരിയയായിരുന്നു ഇക്കുറി ഫ്രഞ്ച് ഹൃദയം തകര്‍ത്തത്. മെസിയുടെ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഗോള്‍പ്പിറവി. ഫ്രഞ്ച് താരങ്ങളുടെ മിസ് പാസില്‍നിന്ന് പന്ത് പിടിച്ച മെസി മിന്നല്‍ നീക്കത്തിനൊടുവില്‍ മക് അലിസ്റ്ററിന് പാസ് നല്‍കി. മക് അലിസ്റ്റര്‍ പന്ത് ഡി മരിയയ്ക്ക് മറിച്ചുനല്‍കി. വേഗമേറിയ ഫ്രഞ്ച് നിരയുടെ കാവല്‍ പടയാളികളാരും പ്രതിരോധത്തില്‍ ഇല്ലായിരുന്നു. കുതിച്ചെത്തിയ ഡി മരിയ ലോറിസിനെ കാഴ്ചക്കാരനായി വല കുലുക്കി. രണ്ട് ഗോളിന് അര്‍ജന്റീന മുന്നില്‍. കണ്ണീരണിഞ്ഞ ഡി മരിയ ഗാലറിയെ നോക്കി, പിന്നെ മെസിയെ പുണര്‍ന്നു.

ഇതിനിടെ ഔസ്മാനെ ഡെംബലെ, ഒലിവര്‍ ജിറൂഡ് എന്നിവരെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് തിരിച്ചുവിളിച്ചു. മാര്‍ക്കസ് തുറാം, റണ്ടാല്‍ കോളോ മുവാനി എന്നിവര്‍ പകരക്കാരായി കളത്തിലിറങ്ങി. ഗോള്‍ മടക്കാനുള്ള ഫ്രാന്‍സിന്റെ ശ്രമങ്ങള്‍ പലതും അര്‍ജന്റീനന്‍ പ്രതിരോധത്തില്‍ തട്ടി ചിതറി. ഇതോടെ, ആദ്യ പകുതി അര്‍ജന്റീനയ്ക്ക് സ്വന്തം.

രണ്ടാം പകുതിയിലും അര്‍ജന്റീന ആക്രമണം ശക്തമാക്കി. ഫ്രഞ്ച് താരനിരയെ വെല്ലുവിളിച്ചുകൊണ്ട് മെസിപ്പട ഫ്രാന്‍സിന്റെ പകുതിയിലേക്ക് കുതിച്ചുകയറിക്കൊണ്ടിരുന്നു. 59ാം മിനുറ്റില്‍ ലീഡ് ഉയര്‍ത്താന്‍ അവസരം. ജൂലിയന്‍ അല്‍വാരെസിന്റെ ഷോട്ട് പക്ഷേ, ലോറിസ് പിടിച്ചെടുത്തു. 61ാം മിനുറ്റില്‍ മെസിയുടെ ഗോള്‍ ശ്രമവും ലക്ഷ്യം കണ്ടില്ല. ഫ്രഞ്ച് നിരയില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഡി മരിയ ബോക്‌സിലേക്ക് നീട്ടിനല്‍കിയ പന്തില്‍ മെസിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു. തൊട്ടുപിന്നാലെ ഡി മരിയയെ തിരിച്ചുവിളിച്ച കോച്ച് ലയണല്‍ സ്‌കലോനി അക്യൂനയെ കളത്തിലിറക്കി. സ്‌കലോനിയുടെ തെറ്റായ തീരുമാനമായിരുന്നു അതെന്ന് വ്യക്തമാകുന്നതായിരുന്നു തുടര്‍ന്നുള്ള കളി മുഹൂര്‍ത്തങ്ങള്‍.

മത്സരം സ്വന്തമാക്കിയെന്ന് അര്‍ജന്റീന കരുതിയയിടത്തു നിന്നായിരുന്നു ഫ്രാന്‍സിന്റെ തിരിച്ചുവരവ്. 70ാം മിനുറ്റില്‍ അര്‍ജന്റീന ബോക്‌സിലേക്ക് ഇരച്ചുകയറിയ കിലിയന്‍ എംബാപ്പെ ഗോളിലേക്ക് ഷോട്ടുതിര്‍ത്തു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നെങ്കിലും വരാനിരിക്കുന്ന മിന്നലാക്രമണത്തിന്റെ സൂചനയായിരുന്നു അത്. എണ്‍പതാം മിനുറ്റില്‍ എംബാപ്പെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടി. കോളോ മുവാനിയെ ബോക്‌സില്‍ ഒട്ടാമെന്‍ഡി വീഴ്ത്തിയതിന് റഫറി പെനല്‍റ്റി വിളിച്ചു. എംബാപ്പെയുടെ ശക്തമായ കിക്ക് തടുക്കാന്‍ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസിന് കഴിഞ്ഞില്ല. കയ്യില്‍ തട്ടിയെങ്കിലും പന്ത് വലയില്‍. അര്‍ജന്റീന ഞെട്ടലില്‍ നിന്നുണരുംമുന്‍പേ അടുത്ത ഗോളും വീണു. 81ാം മിനുറ്റില്‍ പന്തുമായി ബോക്‌സിലേക്ക് കുതിച്ച എംബാപ്പെയുടെ വോളിയാണ് മാര്‍ട്ടിസിനെ മറികടന്ന് വല കുലുക്കിയത്. സമനില കുരുക്ക് അഴിക്കാനുള്ള ഇരു പക്ഷത്തിന്റെയും ശ്രമങ്ങള്‍ രണ്ടാം പകുതിയുടെ ആഡഡ് ടൈമിലും ലക്ഷം കണ്ടില്ല. അതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു.

അധികസമയത്തിന്റെ ആദ്യ പകുതിയില്‍, 108ാം മിനുറ്റില്‍ മെസി വീണ്ടും ഗോള്‍വല കുലുക്കി. മെസിയുടെ പാസില്‍ മാര്‍ട്ടിനെസ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ലോറിസ് തട്ടിയകറ്റി. റീബൗണ്ടില്‍ താമസംവിനാ മെസിയുടെ ഷോട്ട് പോസ്റ്റിലേക്ക്. ഉപമെക്കാനോയുടെ കാലില്‍ തട്ടി പന്ത് തെറിച്ചെങ്കിലും വാര്‍ ഗോളെന്ന് വിധിയെഴുതി. മത്സരത്തില്‍ വീണ്ടും അര്‍ജന്റീന മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ എംബാപ്പെ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. എംബാപ്പെയുടെ ഷോട്ട് മോണ്ടിയലിന്റെ കൈയ്യില്‍ തട്ടിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്ക് വലയിലെത്തിച്ച് എംബാപ്പെ ഹാട്രിക്ക് തികച്ചു. 1966ല്‍ ഇംഗ്ലണ്ടിന്റെ ജിയോഫ് ഹര്‍സ്റ്റിനുശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന താരമായി എംബാപ്പെ.

മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ തന്നെ, ജിറൂഡും ഗ്രീസ്മാനും ഇല്ലാത്ത ഫ്രാന്‍സിന്റെ വിധി ഏറെക്കുറെ നിശ്ചയിക്കപ്പെട്ടിരുന്നു. ഫ്രാന്‍സിന്റെ ആദ്യ കിക്ക് എംബാപ്പെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അതേസമയം, കിങ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തട്ടിയകറ്റി. ചൗമേനിയുടെ കിക്ക് പോസ്റ്റിന് പുറത്തേക്കുപോയി. എന്നാല്‍ മുവാനി കിക്ക് വലയിലെത്തിച്ചു. മറുപക്ഷത്ത് ആദ്യം കിക്കെടുത്ത മെസിയും പിന്നാലെ വന്ന ഡിബാല, പാരദെസ്, മോണ്ടിയാല്‍ എന്നിവരും ലക്ഷ്യം കണ്ടു.

No comments