JHL

JHL

പ്രൊഫ: പിസിഎം കുഞ്ഞിക്ക് ശേഷം സന്തോഷ് ട്രോഫിയിൽ കളിക്കാൻ ഇശൽ ഗ്രാമത്തിൽ നിന്ന് മറ്റൊരു താരോദയം കൂടി


 മൊഗ്രാൽ. ഫുട്ബോൾ ഭൂപടത്തിൽ മൊഗ്രാലിന് ദേശീയതലത്തിൽ തന്നെ പേരും പെരുമയും നേടിയെടുത്ത മുൻ സന്തോഷ് ട്രോഫി താരം പരേതനായ പ്രൊഫ: പി സി എം കുഞ്ഞിക്ക് ശേഷം ഇശൽ ഗ്രാമത്തിൽ നിന്ന് വീണ്ടുമൊരു താരോദയം കൂടി.. മൊഗ്രാൽ സ്പോർട്സ് ക്ലബ് യുവതാരം മുഹമ്മദ് ഷഹാമത്തിനാണ് (ചെമ്മു) കേന്ദ്രഭരണ പ്രദേശമായ ദമൻ ദ്യൂ &ദാദര്‍ നഗർ ഹവേലി അസോസിയേഷൻ ടീമിലൂടെ സന്തോഷ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.


 1960 കളിൽ കേരള സർവകലാശാല ടീമിന്റെ മുൻനിര പോരാളിയും പിന്നീട് ക്യാപ്റ്റൻ പദവിയും അലങ്കരിച്ചിരുന്ന പ്രൊഫ: പിസിഎം കുഞ്ഞി 1966 ലാണ് കേരള സംസ്ഥാന ടീമിൽ ഇടം പിടിക്കുകയും, ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കമായ സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി ജേഴ്‌സി അണിഞ്ഞതും.മുഹമ്മദ് ഷഹാമത്തിലൂടെ സന്തോഷ് ട്രോഫിയിൽ കളിക്കാൻ വീണ്ടും ഒരു അവസരം ഇശൽ ഗ്രാമത്തിന് ലഭിച്ചത് നിരവധി ദേശീയ- സംസ്ഥാന-ജില്ലാ ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിനുള്ള വലിയൊരു അംഗീകാരം കൂടിയാണ്.


 മുഹമ്മദ് ഷഹാമത്ത് ഇപ്പോൾ ഗുജറാത്തിലെ സിൽവാസ യുണൈറ്റഡിൽ രജിസ്ട്രേഡ് താരമായി കളിച്ചു കൊണ്ടിരിക്കുന്നു. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് വേണ്ടി വിവിധ സ്ഥലങ്ങളിൽ കളിച്ചിട്ടുള്ള ഷഹാമത്ത് കാസർഗോഡ് ജില്ലാ ജൂനിയർ-യൂത്ത് ടീമുകൾക്കായും, മംഗലാപുരം യൂണിവേഴ്സിറ്റി ടീമിനായും, തൃശൂർ എഫ്സി ക്കായും നേരത്തെ കളിച്ചിട്ടുണ്ട്. കുമ്പള അക്കാദമിയിലൂടെയാണ് ഫുട്ബോൾ ക്യാമ്പിൽ എത്തുന്നത്. കുമ്പള ലിറ്റിൽ ലില്ലി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഷഹാമത്ത് കാസർഗോഡ് ദഖിറത്ത് സ്കൂളിൽ നിന്ന് ഹയർസെക്കൻഡറിയും ഉള്ളാൽ മെറിഡിയൻ കോളേജിൽ നിന്ന് ഡിഗ്രി പഠനവും പൂർത്തിയാക്കിയിട്ടുണ്ട്

ഷഹാമത്ത് നാട്ടിലെത്തിയാൽ വൻ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബും,വിവിധ സന്നദ്ധ സംഘടനകളും.


 മൊഗ്രാലിലെ പൊതുപ്രവർത്തകൻ ടി എ കുഞ്ഞഹമ്മദ്-അലവി- ഷഹനാസ് ബീഗം ദമ്പതികളുടെ മകനാണ് 24കാരനായ ഷഹാമത്ത്.



ഫോട്ടോ:മുഹമ്മദ് ഷഹാമത്ത്

No comments