JHL

JHL

വേനലിനൊപ്പം വ്യാപകമായി ചിക്കൻ പോക്‌സും; കാസർകോട്ട് 70 ദിവസത്തിനുള്ളിൽ 469 രോഗബാധിതർ


 

കാഞ്ഞങ്ങാട്: കനത്ത ചൂടിനൊപ്പം ജില്ലയിൽ ചിക്കൻപോക്സ് രോഗവും വ്യാപിക്കുകയാണ്. ജനുവരിമുതൽ കാസർഗോഡ് ജില്ലയിൽ 469 പേർക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മാർച്ച് മാസത്തിൽ മാത്രം 84 പേർ ചികിത്സതേടി.ചിക്കൻപോക്സ് വ്യാപകമായി റിപ്പോർട്ടുചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് നിർദേശിച്ചു.

പരീക്ഷാകാലമായിതിനാൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം നിഷ്കർഷ പുലർത്തണമെന്നും ഡി.എം.ഒ. അഭ്യർഥിച്ചു.രോഗബാധിതരായ കുട്ടികളെ പൊറ്റകൾ കൊഴിഞ്ഞുപോകുന്നതുവരെ സ്കൂളിൽ വിടാതിരിക്കണമെന്നതാണ് പ്രധാന നിർദേശം.

പരീക്ഷയെഴുതുന്ന രോഗം ബാധിച്ച കുട്ടികൾക്കായി വായുസഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കേണ്ടതാണ്. രോഗം ബാധിച്ച കുട്ടികൾ പരീക്ഷയെഴുതാൻ പോകുമ്പോൾ പൊതുഗതാഗതം ഉപയോഗിക്കരുത്.ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങൾ. ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്.

തുടക്കത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ളേഷ്മ സ്തരങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകൾ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻ പോക്സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളിൽനിന്നുള്ള ദ്രാവകങ്ങളിൽനിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.ചിക്കൻപോക്സ് വൈറസിന്റെ ഇൻക്യുബേഷൻ സമയം 10-21 ദിവസമാണ്.

ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപുതൊട്ട് 58 ദിവസംവരെ അണുക്കൾ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കൻ പോക്സ് ബാധിച്ച കുട്ടികൾക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കൻപോക്സ് ബാധിച്ച കുട്ടികൾ പരീക്ഷ എഴുതാൻ പോകുമ്പോൾ പൊതു ഗതാഗതം ഉപയോഗിക്കരുത്.

No comments