JHL

JHL

വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം കേരളത്തെയും ബാധിച്ചേക്കും


 വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം കേരളത്തെയും ബാധിച്ചേക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മധ്യ ഇന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയര്‍ന്നേക്കാം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ശരാശരി താപനിലയ്ക്ക് മാത്രമാണ് സാദ്ധ്യത.

ദക്ഷിണേന്ത്യയില്‍ കുറഞ്ഞ താപനില ശരാശരിയിലും താഴ്‌ന്നേക്കും. അതായത് ഒരു ദിവസം തന്നെ അനുഭവപ്പെടുന്ന താപനിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടായേക്കാം. അടുത്ത മൂന്ന് മാസം ശരാശരിയിലും കൂടുതല്‍ മഴയ്ക്ക് ദക്ഷിണേന്ത്യയില്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.


ഫെബ്രുവരിയില്‍ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്. വടക്കന്‍ കേരളത്തിലെ പലയിടത്തും 38 ഡിഗ്രിക്കും മുകളിലേക്ക് ശരാശരി താപനില ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളം മേഘാവൃതമാണ്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

No comments