JHL

JHL

മംഗളൂരുവിൽ കാക്കകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി ; അതിർത്തി പ്രദേശങ്ങൾ പക്ഷിപ്പനി ഭീതിയിൽ

മംഗളൂരു(www.truenewsmalayalam.com 12 JANUARY 2021):  പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന മംഗളൂരുവില്‍ ഏഴു കാക്കകളെ കൂടി ചത്ത നിലയില്‍ കണ്ടെത്തി. പച്ചനാഡി ഡംപിംഗ് യാര്‍ഡിന് സമീപം റോഡില്‍ മൂന്ന് കാക്കകളെയും ശക്തിനഗര്‍ കോളനിക്കു സമീപത്ത് രണ്ട് കാക്കകളെയും കുപ്പെപടാവ് സ്‌കൂള്‍ റോഡിന് സമീപത്ത് രണ്ട് കാക്കകളെയുമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. 

കഴിഞ്ഞ ദിവസം മഞ്ചനാടിയില്‍ ആറ് കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കര്‍ണാടകയില്‍ പക്ഷിപ്പനി ബാധിച്ചിട്ടില്ലെന്നും ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആയിരുന്നുവെന്നും ആരോഗ്യമന്ത്രി കെ. സുധാകര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അതിര്‍ത്തി ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ കാസര്‍കോട് അതിര്‍ത്തിയിലുള്ള ദക്ഷിണ കര്‍ണാടകയിലെ നാല് ജില്ലകളില്‍ അതീവജാഗ്രത പാലിച്ചുവരികയാണ്. കേരളത്തിന്റെ അതിര്‍ത്തിയിലുള്ള ചാമരാജനഗര്‍, ദക്ഷിണ കന്നഡ, കുടക്, മൈസുരു എന്നീ നാല് ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും തൊട്ടടുത്ത സംസ്ഥാനത്ത് നിന്ന് പക്ഷിപ്പനി പടരാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തതായി കര്‍ണാടക മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കാസര്‍കോട് ജില്ലക്ക് സമീപത്തെ കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ പരിശോധന കര്‍ശനമാക്കി. സര്‍ട്ടിഫിക്കറ്റില്ലാതെ കര്‍ണാടകയിലേക്ക് കോഴികളും മുട്ടകളുമായി വരുന്ന വാഹനങ്ങളെ കടത്തിവിടുന്നില്ല. 

രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ പകഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണവിഭാഗം അറിയിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

No comments