JHL

JHL

ചെര്‍ക്കളയില്‍ മറിഞ്ഞുകിടന്ന വാനിൽനിന്ന്‌ പെട്രോൾ ഊറ്റാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ

ചെർക്കള(www.truenewsmalayalam.com 18 JANUARY 2021): പാതയോരത്ത് മറിഞ്ഞുകിടന്ന വാനിൽനിന്ന്‌ പെട്രോൾ ഊറ്റാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ. ചട്ടഞ്ചാൽ ബണ്ടിച്ചാലിലെ അബ്ദുള്ള(18)യാണ് പിടിയിലായത്. അബ്ദുള്ളയ്ക്കൊപ്പമുണ്ടായിരുന്ന അടുത്ത ബന്ധുവും നിരവധി കവർച്ചക്കേസുകളിലെ പ്രതിയുമായ ബണ്ടിച്ചാലിലെ റംസാൻ ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ ചെങ്കള ഇന്ദിരാനഗറിലായിരുന്നു സംഭവം.  ഉദുമയിൽനിന്ന് ക്രിക്കറ്റ് കളി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ചെങ്കള തൈവളപ്പ് സ്വദേശികളായ യുവാക്കളാണ് മോഷ്ടാവിനെ പിടികൂടി പോലീസിന് കൈമാറിയത്. വിദ്യാനഗർ എസ്.ഐ. എം.വി.വിഷ്ണുപ്രസാദ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ എത്തിയത് മൂന്നാഴ്ച മുൻപ്‌ കർണാടകയിലെ ഹാസനിൽനിന്ന് കവർന്ന കാറിലാണെന്നും കണ്ടെത്തി. കാറിന്റെ ഉടമ പോലീസിനൊപ്പം ഹാസനിൽനിന്ന് വിദ്യാനഗറിലെത്തിയിട്ടുണ്ട്.

കർഷകശ്രീ മിൽക്ക് കമ്പനിയുടെ ശനിയാഴ്ച മറിഞ്ഞ വാനിൽനിന്നാണ് പെട്രോൾ ഊറ്റുന്നതിന് ശ്രമം നടത്തിയത്. പായ്ക്കറ്റ് പാൽ മഞ്ചേശ്വരം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ പുലർച്ചെ അഞ്ചരയോടെയായിരുന്നു വാൻ മറിഞ്ഞത്. അറവ് ശാലയിൽനിന്ന് കയർ പൊട്ടിച്ച് ഓടിയ രണ്ട് പോത്തുകൾ പെട്ടെന്ന് റോഡിൽ കയറിയപ്പോൾ ഇടിക്കാതിരിക്കാനായി വെട്ടിച്ചതാണ് വാൻ മറിയാനിടയാക്കിയത്. ബോവിക്കാനം സ്വദേശിയായ ഡ്രൈവർ റാസിക് (24) പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. പാൽ വണ്ടിയിൽനിന്ന് അപ്പോൾത്തന്നെ മറ്റൊരു വണ്ടിയിലേക്ക് മാറ്റിയിരുന്നെങ്കിലും വാഹനം മാറ്റിയിരുന്നില്ല.  ഉദുമയിൽനിന്ന് കളികഴിഞ്ഞ് യുവാക്കൾ കാറിൽ വരുമ്പോഴാണ് വാൻ മറിഞ്ഞതും അതിനടിയിൽ ഒരാൾ കിടക്കുന്നതും കണ്ടത്. അപകടം നടന്നതാണെന്നുകരുതി രക്ഷിക്കാനായി കാർ നിർത്തി ചെന്നപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവ് ഓടുന്നത് ശ്രദ്ധയിൽപ്പെട്ടത്.  ഇതോടെയാണ് വാനിനടിയിൽ കിടന്ന് പൈപ്പുവഴി കാനിലേക്ക് പെട്രോൾ ഊറ്റുന്ന അബുള്ളയെ പിടികൂടിയത്. വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസിന് മോഷ്ടാവിനെ കൈമാറുകയായിരുന്നു. സംഘം എത്തിയ മോഷ്ടിച്ച കാർ കുറച്ചകലെയാണ് നിർത്തിയിട്ടിരുന്നത്. തൈവളപ്പിലെ ഫൈസൽ അറഫ, അസ്‌ലം കൊറക്കോട്, ഫൈസൽ, റഫീഖ്, താജുദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

No comments