JHL

JHL

ലോൺ മേള നടത്തുന്നുണ്ടെന്ന് അറിയിച്ച് പ്രവാസികളെ അപമാനിച്ച സംഭവം ; പ്രവാസി വെൽഫെയർ ഫോറം പ്രതിഷേധിച്ചു

കാഞ്ഞങ്ങാട് (www.truenewsmalayalam.com):ഗൾഫിൽ നിന്ന് തിരിച്ചു വന്ന പ്രവാസികള്‍ക്കായി ലോണ്‍ മേള നടത്തുമെന്ന നോര്‍ക്ക റൂട്ട്‌സിന്റെ അറിയിപ്പ് ലഭിച്ചെത്തിയ നൂറ്കണക്കിന്  പ്രവാസികള്‍ നിരാശരായി മടങ്ങി. ഒരു മുന്നറിയിപ്പുമില്ലാതെ മേള മാറ്റിവെച്ചത് പ്രവാസികളുടെ പ്രതിഷേധത്തിനിടയാക്കി. ബുധനാഴ്ച  രാവിലെ കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് നോര്‍ക്ക റൂട്ട്‌സ് കാനറാ ബാങ്കുമായി സഹകരിച്ച് ലോണ്‍ മേള സംഘടിപ്പിച്ചത്. 30 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ടുകളും മറ്റു രേഖകളുമായി എത്താന്‍ ദിവസങ്ങൾക്ക് മുമ്പേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. 

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയുമാണ് അറിയിപ്പ് ലഭിച്ചിരുന്നത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. ഇതനുസരിച്ച് 1200 അധികം പ്രവാസികളാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേക സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രാവിലെ പത്ത് മണിയോടെ വ്യാപാരഭവനില്‍ എത്തിയപ്പോഴാണ് പരിപാടി മാറ്റിവെച്ചതായി അറിയുന്നത്. സംഘാടകരെ കാണാതായതോടെ എത്തിച്ചേർന്ന പ്രവാസികൾ സെക്യൂരിറ്റി ഗാർഡിനോട് അന്വേഷിച്ചപ്പോഴാണ് പരിപാടി മാറ്റിവെച്ചത് അറിഞ്ഞത്.മുന്നറിയിപ്പില്ലാതെ മാറ്റിയത് ബഹളത്തിന് കാരണമായി. 

സംഭവത്തിൽ  പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ് ലോക്ക് ഡൗൺ കാരണമായി മാസങ്ങളായി ദുരിതം അനുഭവിക്കുന്ന പ്രവാസികളെ അപമാനിക്കുകയായിരുന്നു നോർക്ക റൂട്ട്സ് എന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി  പ്രസിഡൻറ് മജീദ് നരിക്കോടൻ സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള എന്നിവർ പറഞ്ഞു.

No comments