JHL

JHL

ഔഫ് കൊലക്കേസ്: പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു

കാഞ്ഞങ്ങാട്(www.truenewsmalayalam.com 02 January 2021): ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫ് കൊലക്കേസിലെ മുഖ്യപ്രതി ഇർഷാദിനെ തെളിവെടുപ്പിനായി സംഭവം നടന്ന മുണ്ടത്തോട് എത്തിച്ചു. ഒൗഫിനെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി ഇർഷാദിന്റെ സാന്നിധ്യത്തിൽ കണ്ടെടുത്തു. കൊലപാതകം നടന്ന സ്ഥലത്തിനോട് ചേർന്ന തെങ്ങിൻ തോട്ടത്തിൽ നിന്നാണ് അന്വേഷണ സംഘം കത്തി കണ്ടെടുത്തത്.

ഇന്നലെ വൈകിട്ട് 3.50 നാണ് ഇർഷാദിനെയും കൊണ്ട് സംഘം സ്ഥലത്തെത്തിയത്. സംഭവമറിഞ്ഞ് പ്രദേശത്ത് ആളുകൾ തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പ് നടക്കുന്നതിനിടയിൽ ഔഫിനെ അക്രമിച്ചതെങ്ങനെയാണെന്ന് ഇർഷാദ് ഡിവൈഎസ്പി കെ.ദാമോദരനോട് വിശദീകരിച്ചു. കുത്തിയ ശേഷം ഓടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞതായി ഇർഷാദ് അന്വേഷണ സംഘത്തോട് പറഞ്ഞു.

തുടർന്നു കത്തി കണ്ടെത്താനായി അന്വേഷണ സംഘത്തിന്റെ ശ്രമം. സമീപത്തെ തെങ്ങിൻ തോപ്പിൽ മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സംവിധാനം ഉപയോഗിച്ച് കത്തിക്കായി തിരച്ചിൽ ‍ആരംഭിച്ചു. കാടു വെട്ട് യന്ത്രം ഉപയോഗിച്ച് കാട് വൃത്തിയാക്കി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 5.50 നാണ് തൊട്ടടുത്ത തെങ്ങിൻ തോട്ടത്തിന്റെ മതിലിനോട് ചേർന്നു കത്തി കണ്ടെത്തിയത്. പ്രതി ഇർഷാദിനെ കൊണ്ടു തന്നെ കത്തി എടുപ്പിച്ച ശേഷം അന്വേഷണ സംഘം മടങ്ങി.

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മുതൽ കത്തി അരയിൽ സൂക്ഷിച്ചാണ് നടന്നിരുന്നതെന്ന് ഇർഷാദ് മൊഴി നൽകിയിട്ടുണ്ട്. ഈ കത്തികൊണ്ടാണ് ഔഫികുത്തിയത്. ഔഫിന്റെ നീക്കം നിരീക്ഷിച്ച് 23ന് രാത്രി ആക്രമിക്കുകയായിരുന്നുവെന്നാണ് ഇർഷാദിന്റെ മൊഴി. ഔഫും സംഘവും ബാവാ നഗറിലേക്ക് പോയത് ഇവർ കണ്ടിരുന്നു. തിരിച്ചു വരുമ്പോഴാണ് തടഞ്ഞു നിർത്തി കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

റിമാൻഡിലുള്ള മറ്റ് രണ്ട് പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദിച്ച് അന്വേഷണ സംഘം അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇർഷാദിനൊപ്പമുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.

No comments