JHL

JHL

ഷിറിയ അണക്കെട്ട് സഞ്ചാരികൾക്ക് പ്രിയമാകുന്നു

ഷേണി (www.truenewsmalayalam.com) : കാസറഗോഡ് ജില്ലയിൽ ഇങ്ങനെയും ഇടമുണ്ടോ ? സഞ്ചാരികൾ ചോദിക്കുന്നു.
ലോക്ക് ഡൗൺ കാരണം ദൂരയാത്ര അസാധ്യമായപ്പോഴാണ് സഞ്ചാരികൾ ഇവിടെ എത്തിത്തുടങ്ങിയത്. ഇപ്പോൾ ദിവസവും നൂറ് കണക്കിന് പേരാണ് ഇവിടെയെത്തുന്നത്.

 നീണ്ടുകിടക്കുന്ന അണക്കെട്ടിന് അകത്ത് നല്ല ആഴമുണ്ട്. ഇവിടെ കുളിക്കാൻ ആണ് യുവാക്കളും കുട്ടികളും കൂട്ടത്തോടെ എത്തുന്നത്. വെള്ളച്ചാട്ടത്തിന് താഴെ ചെറിയ ചെറിയ പാറക്കൂട്ടങ്ങളാണ്. ഇവിടെ സ്ത്രീകളും കുട്ടികളും വെള്ളത്തിൽ മുങ്ങിക്കളിക്കുന്നത് കാണാം.

 ജൂൺ മാസത്തോടെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന പുഴ മഴകുറയുന്നതോടെയാണ് കുളിക്കാനും വെള്ളത്തിലിറങ്ങാനും സാധിക്കുന്നത്. ഡിസംബർ ജനുവരി മാസങ്ങളിലാണ്  സഞ്ചാരികൾ കൂടുതലായി എത്തുന്നത്. വേനൽ കണക്കുന്നതോടെ വെള്ളം വറ്റും. 

 1948   ൽ നിർമ്മിച്ചതാണ് ഈ ഡാം. മണിയമ്പാറ എന്നസ്ഥലത്താണ് ഇത്. ഷിറിയ പുഴയായത് കൊണ്ട് ഇതിനെ ഷിറിയ ഡാം  എന്ന് വിളിക്കുന്നു. 

 ഇവിടെ എങ്ങനെ എത്തിച്ചേരാം ?

സീതാംഗോളി പെർള റോഡിൽ ഷേണി ജംഗ്‌ഷൻ  കഴിഞ്ഞ് അല്പം മുന്നോട്ട് പോയാൽ സെൻറ് ലോറൻസ് ചർച്ചിലേക്ക് പോകുന്ന ജങ്ക്ഷനിൽ  നിന്നും മൂന്ന് കിലോമീറ്റർ അകത്തോട്ട് പോയാൽ ഈ ഡാമിൽ എത്തിച്ചേരാം. ഇങ്ങോട്ടുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹന പാർക്കിങ്ങിന് പരിമിതമായ സൗകര്യമേയുള്ളൂ ഇവിടെ. സഞ്ചാരികൾ വർദ്ധിച്ചതോടെ ചെറിയ തട്ട് കടകളും ഇവിടെ സജീവമായിട്ടുണ്ട്. 


No comments