JHL

JHL


 മൊഗ്രാൽ. കേരളത്തിലെ ആദ്യ യൂനാനി ഗവഃ ഡിസ്പെൻസറിയായ കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ ഗവഃ യൂനാനി ഡിസ്പെൻസറിയിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

കേരള -കർണാടക അതിർത്തി പ്രദേശങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ദിവസേന അതിരാവിലെ തന്നെ  യൂനാനി ചികിത്സ തേടി മൊഗ്രാലിൽ എത്തുന്നത്. ദിവസേന 200 ഓളം ടോക്കനുകൾ കൊടുക്കുമെങ്കിലും തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. ടോക്കൺ കിട്ടാതെ മടങ്ങുന്ന രോഗികളും ഏറെയാണ്. നേരത്തെ വർഷത്തിൽ 10000 ത്തോളം രോഗികളാണ് ചികിത്സ തേടി വന്നിരുന്നതെങ്കിൽ ഇപ്പോൾ അത് അമ്പതിനായിരമായി വർദ്ധിച്ചിട്ടുണ്ട്.

പാർശ്വഫലങ്ങൾ ഒന്നുമില്ലാത്തതും,യൂനാനി ചികിത്സയിലൂടെ രോഗശാന്തി ലഭിക്കുന്നതുമാണ് രോഗികളുടെ എണ്ണം കൂടാൻ കാരണം. തിരക്കേറിയ യൂനാനി ഡിസ്പെൻസറിക്ക് മരുന്നു വാങ്ങാൻ കുമ്പള ഗ്രാമപഞ്ചായത്തും, സർക്കാറും ഫണ്ട് ലഭ്യമാക്കുന്നുണ്ട്. ഈ അടുത്തിടെയാണ് യൂനാനി ഡിസ്പെൻസറിക്ക് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതുതായി ഹെൽത്ത് വെൽനസ് സെന്ററിനായി കെട്ടിടം നിർമ്മിച്ചത്. ഇതിന്റെ പ്രവർത്തനവും ആരംഭിക്കുകയും ചെയ്തു. ഡിസ്പെൻസറിയിൽ നേരത്തെ തന്നെ ലാബും സജ്ജമാക്കിയിരുന്നു.കുമ്പള ഗ്രാമപഞ്ചായത്തിനാണ് ഡിസ്പെൻസറിയുടെ നടത്തിപ്പ് ചുമതല.

രോഗികളുടെ വർദ്ധനവ് മൂലം മരുന്നിന് 2021-22 വർഷ കാലയളവിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.22-23 വാർഷിക പദ്ധതിയിൽ തുക 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ കാലങ്ങളിലൊക്കെ ഡിസ്‌പെൻസറിയിൽ മരുന്ന് ക്ഷാമമു ണ്ടായിരുന്നു. തുക വർധിപ്പിച്ചതോടെയാണ് ഇതിന് പരിഹാരമായത്. യൂനാനി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി ഉൾപ്പെടെ രണ്ട് ഡോക്ടർമാരുടെ സേവനം ഇപ്പോൾ ഡിസ്പെൻസറിയിൽ ലഭ്യമാണ്.

മൊഗ്രാൽ ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഡിസ്പെൻസറിയിൽ ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും ചികിത്സ തേടിയെത്തുന്നുണ്ട്. ഇതൊക്കെ പരിഗണിച്ച് ഡിസ്പെൻസറിയിൽ കിടത്തി ചികിത്സയും മറ്റും ലഭ്യമാക്കി ഡിസ്പെൻസറിയെ ആശുപത്രിയാക്കി ഉയർത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഫോട്ടോ: മൊഗ്രാൽ ഗവൺമെന്റ് യൂനാനി ഡിസ്പെൻസറിയിൽ ചികിത്സ തേടിയെത്തുന്നവരുടെ തിരക്ക്.

No comments