തലപ്പാടി–ചെങ്കള റീച്ചിൽ ദേശീയപാത 66 വികസനം 35 ശതമാനം പൂർത്തിയായി
കാസർകോട് :തലപ്പാടി–ചെങ്കള റീച്ചിൽ ദേശീയപാത 66 വികസനം 35 ശതമാനം പൂർത്തിയായി. രണ്ടുമാസത്തിനകം 50 ശതമാനം ലക്ഷ്യമിട്ടാണ് നിർമാണം. അടുത്തവർഷം മേയിൽ പണിതീർക്കാനാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ –ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യം പൂർത്തിയാകുന്ന ദേശീയപാത റീച്ചായിരിക്കും ഇത്. ആറുവരിപ്പാതയിൽ 17 കിലോമീറ്ററിൽ മൂന്നുവരി ടാറിങ് കഴിഞ്ഞു. വാഹനങ്ങൾ ഓടിതുടങ്ങി.
ഗതാഗതതടസ്സമില്ലാതാക്കാൻ ഇത് സഹായകമായി. 30 കിലോമീറ്ററിൽ മൂന്നുവരി പണി പുരോഗമിക്കുന്നു. ഇരുഭാഗത്തേക്കുമായി 72 കീലോമീറ്ററാണ് മൂന്നുവരി പാത. സർവീസ് റോഡ് 22 കിലോമീറ്റർ ടാറിങ്ങായി. 30 കിലോമീറ്റർ പുരോഗമിക്കുന്നു. ഇരുഭാഗത്തേക്കുമായി 70 മീറ്ററാണ് സർവീസ് റോഡ് -ഓവുചാൽ 56 കിലോമീറ്റർ കഴിഞ്ഞു. ആകെ 78 കിലോ മീറ്ററാണ്. 45കിലോമീറ്റർ സംരക്ഷണഭിത്തിയിൽ 34 കിലോമീറ്റർ പണിതീർന്നു.
തലയുയർത്തി പാലങ്ങൾ
പാതയിലെ എല്ലാ പാലങ്ങളുടെയും പണി പുരോഗിക്കുകയാണ്. 72 തൂണുകളും പൂർത്തിയായി. 240 ഗർഡറുകളിൽ 120 സ്ഥാപിച്ചു. പൊസോട്ട് (75 ശതമാനം), ഉപ്പള (40), മംഗൽപാടി കുക്കാർ (40), ഷിറിയ (40), കുമ്പള (60), മൊഗ്രാൽ (50) പാലങ്ങളുടെ പ്രവൃത്തി വേഗത്തിലാണ്.
അണങ്കൂരിലും
അടുക്കത്തുബയലിലും
അടിപ്പാത
കാസർകോട് നഗരസഭയിലെ അണങ്കൂരിലും അടുക്കത്ത്‌ബയലിലും പുതുതായി അടിപ്പാതക്ക് ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. ഏഴുമീറ്റർ നീളവും 2.5 മീറ്റർ ഉയരവുമുള്ളതാണ് ഇവ. കുഞ്ചത്തൂർ, ആരിക്കാടി, മൊഗ്രാൽ, വിദ്യാനഗർ ബിസി റോഡ്, നാലാംമൈൽ എന്നിവിടങ്ങളിൽ അടിപ്പാത പൂർത്തിയായി. മാട, മഞ്ചേശ്വരം, പൊസോട്ട്, ഉപ്പള ഗേറ്റ്, ഷിറിയ കുന്നിൽ, കുമ്പള എന്നിവിടങ്ങളിൽ പകുതിയായി. 77 കലുങ്കുകളിൽ 27 എണ്ണം നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ 60 ശതമാനം പണിപൂർത്തിയായി.
കാസർകോട്
മേൽപ്പാലത്തിൽ
27 തൂൺ
120 കിലോമീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള കാസർകോട് മേൽപ്പാലത്തിന്റെ 27 തൂണുകളും പൂർത്തിയായി. മൂന്ന് തൂണിന്റെ പണി 80 ശതമാനം കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ഒറ്റത്തൂണിലുള്ള ആദ്യത്തെ മേൽപ്പാലമാണിത്. അടുത്തവർഷമാദ്യം മേൽപ്പാലം പൂർണമാകും. ഉപ്പളയിൽ അനുവദിച്ച മേൽപ്പാലത്തിന്റെ ഡിസൈൻ ദേശീയപാത അതോറിറ്റി അംഗീകരിച്ചാലും പ്രവൃത്തി തുടങ്ങും. രണ്ട് മേൽപാതയിൽ ഹൊസങ്കടിയിൽ പണി പുരോഗമിക്കുന്നു. ബന്തിയോട് പ്രവൃത്തി തുടങ്ങാനുണ്ട്.
Post a Comment