ടാറ്റ ആശുപത്രി പൊളിച്ചു നീക്കും; നിലവിലെ കണ്ടെയ്നറുകൾ ഉപയോഗിക്കാനാവില്ലെന്ന് സർക്കാർ
കാസർകോട് • 30 വർഷത്തേക്ക് ഉപയോഗിക്കാമെന്നു പറഞ്ഞ് കോടികൾ മുടക്കി പണിത ചട്ടഞ്ചാൽ ടാറ്റ കോവിഡ് ഹോസ്പിറ്റലിലെ കണ്ടെയ്നറുകൾ പൂർണമായും പൊളിച്ചു നീക്കും. ടാറ്റ നിർമിച്ച കണ്ടെയ്നറുകൾ ജില്ലയിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്തതിനാൽ അവ പൂർണമായും മാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
3 വർഷം മുൻപ് പണിത കെട്ടിടം ഇനി പ്രവർത്തനം സാധ്യമല്ലാത്ത അവസ്ഥയിലാണെന്നു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ആശുപത്രി കെട്ടിടം തകരാർ കാരണമെന്നു വിമർശനമുണ്ടായിരുന്നു. കെട്ടിടത്തിൽ ധാരാളം പ്രശ്നങ്ങളുണ്ട്.
മേൽക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിർമിച്ച തറ നാശാവസ്ഥയിലാണ്. തീ പിടിത്ത സാധ്യത ഏറെയാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററുകൾ അടക്കം ഉപകരണങ്ങൾ നാശാവസ്ഥയിലായി.സീലിങ് വഴിയും ജനൽ വഴിയുമാണ് വെള്ളം ആശുപത്രിക്ക് അകത്ത് എത്തുന്നത്, ടാറ്റയാണു പണിതു നൽകിയതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ആശുപത്രിയിലെ കണ്ടെയ്നറുകളിൽ വ്യാപക ചോർച്ചയുണ്ട്. മഴയിൽ സീലിങ് വഴിയും ജനൽ വഴിയും കാറ്റടിച്ചാൽ വാതിലിൽ വഴിയും വെള്ളം ആശുപത്രിക്ക് അകത്തെത്തുന്നു.
125 കണ്ടെയ്നറുകളാണ് ഇവിടെ ഉള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ചോർന്നൊലിക്കുന്നുണ്ട്. ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്ത് കൂടിയാണ് വെള്ളം ഒലിച്ച് ഇറങ്ങുന്നത്. ഇത് ഷോർട്ട് സർക്യൂട്ടിന് വരെ കാരണമാകാമെന്ന സ്ഥിതിയാണ്.ടാറ്റാ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്.
ടാറ്റ ട്രസ്റ്റ് സിഎസ്ആർ ഫണ്ടിൽ നിന്ന് 60കോടിയിലേറെ തുക മുടക്കിയാണ് നിർമാണം നടത്തുന്നതെന്നാണ് അന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ജില്ലാ ഭരണകൂടം 12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡും നിർമിച്ചിരുന്നു. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ചു. ഇതുവരെ ഇവിടെ 4987 കോവിഡ് രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.
Post a Comment