നീലേശ്വരം പാലത്തിന്റെ നിര്‍മ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി രമേശിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി
കാഞ്ഞങ്ങാട്: നീലേശ്വരം പാലത്തിന്റെ നിര്‍മ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി രമേശിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ കൂടെ താമസിച്ചിരുന്ന എറണാകുളം മത്സ്യപുരി വാത്തുരുത്തി കാളക്കഞ്ചേരി ഹൗസില്‍ കെ.പി. ബൈജു (43), കളമശ്ശേരി മാളികയില്‍ ഹൗസില്‍ മുഹമ്മദ് ഫൈസല്‍ (43), നോര്‍ത്ത് പറവൂര്‍ പെരുമ്പള്ളി പറമ്പില്‍ ഹൗസില്‍ ഡാനിയല്‍ ബെന്നി (43) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം ഇന്‍സ്പെക്ടര്‍ വി. പ്രേം സദന്‍, എസ്. ഐ ശ്രീജേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് മധുര ഉസാംഭട്ട് സ്വദേശി രമേശ് (43) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് രമേശിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ആദ്യം സംശയമുണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് കൊലയാണെന്ന സൂചന ലഭിച്ചത്. തലക്കേറ്റ മാരക പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കൊല നടത്തിയ ശേഷം പ്രതികള്‍ തന്നെ നാട്ടുകാരെ വിളിച്ച് തങ്ങളുടെ കൂടെയുള്ളയാള്‍ ഹൃദയ സ്തംഭനത്താല്‍ മരിച്ച് കിടക്കുന്നതായി അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വാടക വീട്ടില്‍ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. പിന്നാലെ പോസ്റ്റ് മോര്‍ട്ട റിപ്പോര്‍ട്ടും ലഭിച്ചതോടെയാണ് കൊലയാണെന്നുറപ്പിച്ചത്. കൊല്ലപ്പെട്ട രമേശന്‍ പ്രതികള്‍ ആവശ്യപ്പെട്ട വേതനം നല്‍കാത്തതിനെ ചൊല്ലിയുള്ള പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചത്. കോട്ടപ്പുറം-കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലിക്കെത്തിയവരാണ് പ്രതികളും മരിച്ച രമേശനും. ഈ കെട്ടിടത്തില്‍ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമടക്കമുള്ള 11 പേരാണ് താമസിക്കുന്നത്. ഒന്നാം പ്രതി ബൈജു എറണാകുളം ജില്ലയിലെ തോപ്പുംപടി, ഐലണ്ട് ഹാര്‍ബര്‍ വൈപ്പിന്‍, എറണാകുളം സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകളില്‍ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളില്‍ പ്രതിയാണന്ന് ഡി. വൈ.എസ്.പി പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, മഹേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രബീഷ്, ഷാജി ല്‍, ഷിജു, ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് 24 മണിക്കൂറിനുള്ളില്‍ കേസിന് തുമ്പുണ്ടാക്കിയത്.
Post a Comment