കുടിവെള്ളം പുനസ്ഥാപിച്ചിട്ടില്ല: മൊഗ്രാൽ കടവത്ത് നിവാസികൾക്ക് കേരളാ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ബില്ലെത്തി.
മൊഗ്രാൽ. ശുദ്ധജലത്തിന് വില കൂട്ടുന്ന തിരക്കിലും, ഗാർഹിക ഉപയോക്താക്കളുടെ കുടിശ്ശികയുടെ കണക്കുകൂട്ടുന്ന തിരക്കിലും ദേശീയപാത വികസനത്തിന്റെ പേരിൽ കുടിവെള്ളം കിട്ടാതെ വലയുന്ന ജനങ്ങളെ സർക്കാറും,ജലവിഭവ വകുപ്പും കാണുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കെ കേരളാ വാട്ടർ അതോറിറ്റി കാസർഗോഡ് സബ് ഡിവിഷനിൽ നിന്ന് "ഉപയോഗിക്കാത്ത കുടിവെള്ളത്തിന്റെ''ബി ല്ലുകൾ മൊഗ്രാൽ കടവത്ത് നിവാസികൾക്ക് ലഭിച്ചു തുടങ്ങി.
ദേശീയപാത വികസനത്തിൽ കഴിഞ്ഞ മൂന്നുമാസമായി മൊഗ്രാൽ കടവത്ത് നിവാസികളുടെ കുടിവെള്ളം തടസ്സപ്പെട്ടു കിടക്കുകയാണ്. കുമ്പള ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് തടസ്സപ്പെട്ട് കിടക്കുന്നത്. ശുദ്ധജല വിഷയമായിട്ട് പോലും പരിഹരിക്കാനുള്ള നടപടികളിൽ ജല അതോറിറ്റി അധികൃതരും, ദേശീയപാത നിർമ്മാണ കമ്പനി അതികൃതരും കൈമലർത്തുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.ഇതിനിടയിലാണ് ഉപയോഗിക്കാത്ത കുടിവെള്ളത്തിന്റെ ബില്ലുകൾ കൂടി ലഭിച്ചു തുടങ്ങിയത്.
മൊഗ്രാൽ കടവത്ത് പുഴയോര മേഖലയായതിനാൽ ഇവിടെ ചില വീടുകളിലെ വെള്ളത്തിന് ഉപ്പ് രസമുള്ളതായി പറയുന്നു. ഇതേ തുടർന്നാണ് കാലങ്ങളായി ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നത്. ഇത് തടസ്സപ്പെട്ട് കിടക്കുന്നതുമൂലം ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.ഇത് വീട്ടമ്മമാരെയും, കുട്ടികളെയും ഏറെ ദുരിതത്തിലാക്കുന്നുമുണ്ട്.
ദേശീയപാത നിർമ്മാണ ജോലിക്കിടയിൽ കുടിവെള്ള പൈപ്പുകൾ യഥാസമയം മാറ്റിസ്ഥാപിക്കാൻ അധികൃതർ കാണിച്ച അലംഭാവമാണ് കുടിവെള്ളം തടസ്സപ്പെടാൻ കാരണമായത്. ദേശീയപാതയുടെ പണി എപ്പോൾ തീരുമെന്നോ, ശുദ്ധജല പൈപ്പുകൾ പുനസ്ഥാപിക്കുമെന്നോ അതികൃതർ പറയുന്നുമില്ല.ഇതിനിടയിൽ വാട്ടർ അതോറിറ്റി അധികൃതർ കുടിവെള്ള ബില്ലുകൾ അടക്കാനുള്ള രശീത് വിതരണം ചെയ്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വിഷയം ജനപ്രതിനിധികളെയും ജല അതോറിറ്റിയേയും അറിയിച്ചിട്ടും നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റംസാൻ മാസമൊക്കെ അടുത്ത് വരുന്നതോടെ കുടിവെള്ളം തടസ്സപ്പെട്ടു കിടക്കുന്നത് കടവത്ത് നിവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
Post a Comment