വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതിനെ ചൊല്ലി വിവാദം മുറുകി; അധ്യാപകര്‍ ചേരിതിരിഞ്ഞു
കുമ്പള: അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ പെരുമാറുന്നതിനെ ചൊല്ലി വിവാദം മുറുകുന്നു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗവ. ഹൈസ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെയും വിദ്യാര്‍ത്ഥിനികളുടെയും ശരീര ഭാഗത്ത് മന:പൂര്‍വ്വം സ്പര്‍ശിക്കുന്നതായും അശ്ലീലച്ചുവയുള്ള വാക്കുകള്‍ ക്ലാസുകളില്‍ ഉപയോഗിക്കുന്നുവെന്നുമുള്ള ആരോപണം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഈ പ്രശ്നം അധ്യാപകര്‍ക്കിടയില്‍ ചേരിതിരിവിന് ഇടവരുത്തിയിരിക്കുകയാണ്. ചില അധ്യാപകര്‍ ആരോപണവിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മറ്റ് ചില അധ്യാപകര്‍ കടുത്ത നടപടി വേണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇത് അധ്യാപകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ അധ്യാപകന്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ശരീരത്തില്‍ ബോധപൂര്‍വം സ്പര്‍ശിക്കുകയും സഭ്യമല്ലാത്ത ഭാഷയിലൂടെ സംസാരിക്കുകയും ചെയ്യുന്നതായാണ് പരാതി ഉയര്‍ന്നത്. ഏതാനും മാസം മുമ്പ് അധ്യാപകന്‍ പെണ്‍കുട്ടികളെ ദേഹോപദ്രവം ചെയ്തിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ശരീരഭാഗത്ത് പിടിച്ച് വേദനിപ്പിച്ചതായി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥമാര്‍ക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവം സംബന്ധിച്ച് കുമ്പള പൊലീസും അന്വേഷണം നടത്തിവരികയാണ്. അതിനിടെ അധ്യാപകന്റെ അതിരുകടന്ന പ്രവൃത്തിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. അധ്യാപകനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.
Post a Comment