കുമ്പളയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം - മർച്ചന്റ്സ് അസോസിയേഷൻ
കാസർകോട് : ദേശീയപാതയിൽ തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവൃത്തി പൂർത്തീകരിക്കാനിരിക്കെ കുമ്പള ആരിക്കാടിയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
കാസർകോട് താലൂക്കിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കുവേണ്ടി മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. രണ്ട് ടോൾ ഗേറ്റുകൾ തമ്മിൽ 60 കിലോമീറ്റർ ദൂരം വേണമെന്നിരിക്കെ കുമ്പളയിൽ ടോൾ ഈടാക്കുന്നതിൽ യാതൊരു ന്യായീകരണവും കാണുന്നില്ല.
ഉപ്പളയിലും മംഗളൂരുവിലുമായി കച്ചവടംചെയ്യുന്ന വ്യാപാരികൾക്ക് സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതാണ് ഈ ടോൾ ബൂത്ത്. ദേശീയപാതാ നിർമാണത്തിനായി കഷ്ടതകൾ അനുഭവിച്ച വ്യാപാരികളെ നിരാശയിലാക്കുന്നതാണ് അധികൃതരുടെ ഈ നടപടി. രണ്ടാം റീച്ച് പൂർത്തിയാകുന്നതുവരെ ടോൾ പിരിക്കുന്നത് ഒഴിവാക്കാൻ തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ടി.എ. ഇല്യാസ് അധ്യക്ഷതവഹിച്ചു. കെ. ദിനേശ്, നെഹീം അങ്കോല, സി.കെ. ഹാരിസ്, കെ. ശശിധരൻ, അബ്ദുൾ ജലീൽ, എച്ച്. ഹാരിസ് എന്നിവർ സംസാരിച്ചു.
Post a Comment