JHL

JHL

ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം:തീരദേശ മേഖലയോട് അവഗണന തുടരുന്നു.

കുമ്പള.ജില്ലയിലെ ആരോഗ്യ മേഖലകളിലുണ്ടായ ഉണർവ് തീരദേശ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടമാണ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ തീരദേശ മേഖലയിലുള്ള ആരോഗ്യകേന്ദ്രങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെ ന്നാണ് തീരദേശവാസികളുടെ പരാതി.

 കുമ്പള കോയിപ്പാടി കടപ്പുറത്ത്  കെട്ടിപ്പൊക്കിയ ആരോഗ്യ ഉപ കേന്ദ്രം ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണ് ഈ ആരോഗ്യ കേന്ദ്രം. തീരദേശ വികസന കോർപ്പറേഷൻ ലക്ഷങ്ങൾ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോയി പ്പാടിയിൽ ഒരു ആരോഗ്യ കേന്ദ്രം വരുന്നത് വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാർ നോക്കി കണ്ടത്.കെട്ടിടം കെട്ടിപ്പൊക്കിയതല്ലാതെ പ്രവർത്തനം തുടങ്ങാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. ഇപ്പോൾ കെട്ടിടം കടൽ കാറ്റേറ്റ് വാതിലുകളും, ജനാലകളും തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്.ഇത് സംബന്ധിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് ജില്ലാ ആരോഗ്യവകുപ്പ് മേധാവികളെ കണ്ട് പല പ്രാവശ്യവും നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.

 മൊഗ്രാൽ കൊപ്പളത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിനും(ആയുഷ്മാൻ ആരോഗ്യ കേന്ദ്രം ) ഇതുതന്നെയാണ് സ്ഥിതി.ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളോളമായി. ദേശീയപാത- റെയിൽവേ വികസനം വന്നതോട് കൂടി യാത്രാദുരിതം നേരിടുന്ന പടിഞ്ഞാർ പ്രദേശത്തുകാർക്ക് ഒരു ഒരു പനി വന്നാൽ പോലും കുമ്പളയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരം എന്ന നിലയിലാണ് പ്രദേശവാസികൾ ഒരു ഡോക്ടറുടെ സേവനം ആരോഗ്യ കേന്ദ്രത്തിൽ വേണമെന്ന് ആവശ്യപ്പെട്ടു വരുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. കുഞ്ഞുങ്ങൾക്കുള്ള കുത്തിവെപ്പ് മാത്രമാണ് ഈ ആരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ നടക്കുന്നത്. തീരദേശ ആരോഗ്യ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് തീരദേശവാസികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.



No comments