ബേക്കൂർ കുടുംബ ക്ഷേമ കേന്ദ്രം തുറന്നു പ്രവർത്തിക്കാത്തതിനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകി എൻ സി പി (എസ്)
ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ 8 ആം വാർഡിൽ ബേക്കൂരിൽ പണി പൂർത്തിയായ ഫാമിലി വെൽഫെയർ സെന്റർ തുറന്നു പ്രവർത്തിപ്പിക്കാത്തതിനെതിരെ എൻ സി പി (എസ്) ആരോഗ്യമന്ത്രി വീണ ജോർജിന് പരാതി നൽകി. വളരെ പണ്ടുകാലത്തു ണ്ടായിരുന്ന സെന്റർ ജീർണാവസ്ഥയിൽ ആയതിനെതുടർന്ന് കുടുംബാരോഗ്യ പരിരക്ഷ നിലച്ചതിനാൽ ജനങ്ങളുടെ നിരന്തരമായ ആവശ്യവും പരാതിയും ഉയർന്ന സാഹചര്യത്തിലാണ് സെന്ററിനു വേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചത്. പണി പൂർത്തീകരിച്ച് കാലങ്ങൾ കഴിഞ്ഞിട്ടും ചില സാങ്കേതികത്വത്തിന്റെ പേരിൽ സ്ഥാപനം ജനങ്ങൾക്ക് തുറന്നു കൊടുക്കാതെ പാഴായി കിടക്കുന്ന അവസ്ഥയാണുള്ളത്.ചുറ്റുമതിൽ ഇല്ലാത്തതിന്റെയും വൈദ്യുതി കണക്ഷൻ കിട്ടാത്തതിന്റെയും പേരിലാണ് ഇതിന്റെ പ്രയോജനം ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്. ജീർണ്ണതിയിൽ ആയിരുന്ന പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് പണിതത്. കെട്ടിടം പണിയുന്നതിന് മാത്രമാണ് എംഎൽഎ ഫണ്ട് അനുവദിച്ചത് എന്നാണറിയുന്നത്. ആന വാങ്ങി തോട്ടിയില്ലാത്ത സ്ഥിതിയാണ് കെട്ടിടത്തെ സംബന്ധിച്ച് ഇപ്പോഴുള്ളത്. ചുറ്റുമതിലും വൈദ്യുതി കണക്ഷനും മംഗൽപാടി തദ്ദേശ ഭരണസമിതിക്ക് ഏറ്റെടുത്ത് ചെയ്യാമെന്നിരിക്കെ ഇതിൽനിന്ന് ഒളിച്ചുകളി നടത്തുന്ന സമീപനമാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. ഇത് പൂർത്തീകരിച്ച് ഈ കുടുംബക്ഷേമ കേന്ദ്രം തുറന്നുകൊടുത്താൽ ബേക്കുരും പരിസരപ്രദേശത്തുമുള്ള നിരവധി ആളുകൾക്കാണ് ഇത് പ്രയോജനപ്പെടുക. ഇപ്പോൾ കിലോമീറ്റർ യാത്ര ചെയ്ത് വേണം ജനത്തിന് മംഗൽപാടി താലൂക്ക് ആശുപത്രിയിലെത്താൻ. അതുകൊണ്ടുതന്നെ ഈ സ്ഥാപനം എത്രയും പെട്ടെന്ന് തുറന്നു കിട്ടേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്തുകൊണ്ടാണ് എൻ സി പി (എസ്) ആരോഗ്യമന്ത്രിക്ക് പരാതി നൽകാൻ ഇടയായത്. അതിനാൽ ഇക്കാര്യത്തിൽ ഭരണസംവിധാനവും ജനപ്രതിനിധികളും പ്രതിബദ്ധത പുലർത്തണമെന്ന് എൻ സി പി ആവശ്യപ്പെട്ടു.
Post a Comment