JHL

JHL




കാസർകോട്: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി കുമ്പളയിൽ ഫ്ലൈഓവർ നിർമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. കുമ്പള ഡിവിഷൻ അംഗം ജമീല സിദ്ധീഖ് ദണ്ഡഗോളി അവതരിപ്പിച്ച പ്രമേയത്തെ വോർക്കാടി അംഗം കമലാക്ഷി പിന്താങ്ങുകയായിരുന്നു.      ഏറെ പ്രധാനപ്പെട്ടതും കാസർകോട് - മംഗളൂരു വിനിടയിൽ പ്രശസ്തവും പുരാതനവുമായ നഗരങ്ങളിലൊന്നാണ് കുമ്പള.  ദേശീയ പാതയുടെ ഓരം ചേർന്ന് കിടക്കുന്ന കുമ്പള പട്ടണം പാത വികസനം പൂർത്തിയാകുന്നതോ ടെ ഒറ്റപ്പെട്ട അവസ്ഥയിലാകും. ഇവിടങ്ങളിലെല്ലാം നടക്കുന്നത് തീർത്തും അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണെന്നും ജമീല സിദ്ധീഖ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പ്രവൃത്തിയുടെ ഭാഗമായി നിലവിൽ അടിപ്പാത നിർമിക്കുന്നത് തന്നെ കുമ്പള നഗരത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ ഒരു കിലോമീറ്ററോളം മാറിയാണ്.ഇത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിയിടന്നതിന് തുല്യമാകും.

ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ദിവസവും വന്നു പോകുന്ന കുമ്പള നഗരത്തിൽ ഒരുപാട് സംസ്ഥാന-കേന്ദ്ര സർക്കാർ ഓഫീസുകളും, കോളജ് ഉൾപ്പെടെയുള്ള നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുമുണ്ട്.    കേന്ദ്ര ഗവ: സ്ഥാപനമായ എച്ച്.എ.എൽ, കാസർകോട് മെഡിക്കൽ കോളജ്, കിൻഫ്ര വ്യവസായ പാർക്ക്, അനന്തപുരം മിനി വ്യവസായ പാർക്ക്  എന്നിവിടങ്ങളിലേക്കുള്ള ജീവനക്കാരും മറ്റും ഏറെയും  കുമ്പള വഴിയാണ് യാത്ര ചെയ്യുന്നത്. ദേശീയ പാതയോട്  തൊട്ടുരുമിയാണ് റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. കുമ്പള റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന വിദ്യാർഥികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരെയും ഇത് വലിയ തോതിൽ പ്രയാസത്തിലാക്കും. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുമ്പള ടൗണിന് തൊട്ടടുത്തായി 500 മീറ്റർ മേൽപ്പാലം ( ഫ്ലൈഓവർ)  നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയത്തിന് അവതരാനുമതി നൽകിയ ജില്ലാ പഞ്ചായത്ത് വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ  കേന്ദ്ര ഗതാഗത ഉപരിതല മന്ത്രാലയത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചു

 

No comments