JHL

JHL


 ഭോപ്പാല്‍: ഭോപ്പാലിലെ ബെട്ടൂള്‍ മാണ്ഡവി ഗ്രാമത്തിലെ കുഴല്‍ക്കിണറ്റില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു. തന്‍മയ് സാഹു എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാലുദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് എട്ടുവയസുകാരന്‍ കുഴല്‍ക്കിണറ്റില്‍ വീണത്. 400 അടി താഴ്ച്ചയിലേക്കാണ് കുട്ടി വീണത്. മൈതാനത്ത് കളിക്കുന്നതിനിടെയായിരുന്നു സംഭവം.

സഹോദരി വിവരം അറിയിച്ചതിന് തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിക്ക് ഓക്‌സിജന്‍ നല്‍കാന്‍ ആരംഭിച്ചു. പിന്നാലെ സ്ഥലത്തെത്തിയ സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സമാന്തരമായി മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. നാല് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചനിലയിലായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് പ്രദേശത്തെ ഒരു കര്‍ഷകന്‍ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാന്‍ കുഴിച്ച കിണറിലാണ് അപകടം നടന്നത്. വെള്ളം ലഭിക്കാത്തതിനാല്‍ കുഴല്‍ക്കിണര്‍ ഇരുമ്പ് പാളി ഉപയോഗിച്ച് മൂടിയിരുന്നെന്നും കുട്ടി എങ്ങനെയാണ് ഇത് നീക്കം ചെയ്തതെന്ന് അറിയില്ലെന്നും കര്‍ഷകര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മരണത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. 'തന്‍മയയെ തീവ്രശ്രമങ്ങള്‍ക്കിടയിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് ദാരുണമാണ്. കുട്ടിയുടെ ആത്മാവിന്റെ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.'-ശിവരാജ് സിംഗ് പറഞ്ഞു

No comments