കാൽപന്തുകളിയുടെ കാവൽഭടൻ കുത്തിരിപ്പ് മുഹമ്മദ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. വൈകുന്നേരങ്ങളിലെ സ്കൂൾ മൈതാനത്തെ ആ "ശൂന്യത ''ഒരു വർഷം പിന്നിട്ടിട്ടും നിലനിൽക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും..ആ വിടവ് നികത്താൻ മുഹമ്മദിന് പകരം മുഹമ്മദ് മാത്രം...
ഫുട്ബോളിനെ കുറിച്ച് മാത്രം ചിന്തിക്കുകയും, സംസാരിക്കാനിഷ്ടപ്പെ ടുകയും ചെയ്തിരുന്ന മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ... ഒരു ഗ്രാമത്തിനാകെ ഫുട്ബോൾ എന്ന സമത്വ സുന്ദരമായ സ്വപ്നത്തിനായി ജീവിതം സമർപ്പിച്ച ഋഷി തുല്യനായിരുന്നു കുത്ത് രിപ്പ് മുഹമ്മദ്.
ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിൽ കുത്ത് രിപ്പ് മുഹമ്മദ് കാണിച്ച ആത്മാർത്ഥമായ ശ്രമങ്ങളെ എന്നും ഇശൽ ഗ്രാമം ഓർക്കുക തന്നെ ചെയ്യും. പണവും, സാഹചര്യങ്ങളും ഇല്ലാത്തതിനാൽ ഒരാളും മൈതാനങ്ങളിൽ നിന്ന് ബഹിഷ്കൃതരാകരുതെന്ന് കുത്ത് രിപ്പ് മുഹമ്മദിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ജനിച്ചുവളർന്ന ഒരാളുമാണ് കുത്ത് രിപ്പ് മുഹമ്മദ്. അതുകൊണ്ടുതന്നെ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലുള്ള ക്ലബ്ബുകളിലെ കളിക്കാർക്ക് വൈകുന്നേരങ്ങളിൽ മൊഗ്രാൽ സ്കൂൾ മൈതാനത്ത് കയറി വരാനുള്ള, കളി അഭ്യസിക്കാനുള്ള ഇടം നൽകുക വഴി കുത്തിരിപ്പ് മുഹമ്മദ് തന്റെ കർത്തവ്യം വളരെ ഭംഗിയായി നിറവേറ്റുകയും ചെയ്തിരുന്നു. അതിന്റെ ഫലമായിട്ടാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് ജില്ലാ- സംസ്ഥാന,താരങ്ങൾ ഉണ്ടായതും. ഇതിന് നൂറുവർഷത്തിലേറെ പഴക്കമുള്ള മൊഗ്രാൽ സ്പോർട്സ് ക്ലബ് ഒരു നിമിത്തമായി എന്ന് പറയുന്നതാവും ശരി..
മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെയും ടീമിന്റെയും മുന്നേറ്റ കാലഘട്ടത്തിലൊ ക്കെ കളിക്കാരനായും, പരിശീലകനായും, സംഘാടകനായും, റഫറിയായും ഫുട്ബോൾ മൈതാനത്തിന് ചുറ്റുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം തന്നെ.ആർക്കും മറക്കാനാവാത്ത ഓർമ്മകൾ അവശേഷിപ്പിച്ച് കഴിഞ്ഞവർഷം ഡിസംബർ ഒമ്പതാം തീയതി രാത്രിയാണ് കുത്ത് രിപ്പ് മുഹമ്മദ് എന്ന കാൽപന്തുകളിയുടെ കാവൽഭടൻ യാത്രയായത്. വർഷങ്ങൾ എത്ര പിന്നിട്ടാലും ഓർമ്മയുടെ മൈതാനത്ത് മൊഗ്രാലുകാരുടെ മനസ്സിൽ കൂടെത്തന്നെ ഉണ്ടാവുമെന്നതിൽ സംശയമില്ല.
കുത്ത് രിപ്പ് മുഹമ്മദിന്റെ ഓർമ്മയ്ക്ക് മുമ്പിൽ പ്രാർത്ഥനയോടെ...
-കെ വി അഷ്‌റഫ് മൊഗ്രാൽ,(പ്രസി:ഫ്രണ്ട്‌സ് ക്ലബ് മൊഗ്രാൽ).
Post a Comment