JHL

JHL

കുമ്പോൽ ഉറൂസ്: ഉത്തര കേരളീയരുടെ മൂന്നാം പെരുന്നാൾ ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച

 


കുമ്പോൽ ഉറൂസ്: ഉത്തര കേരളീയരുടെ മൂന്നാം പെരുന്നാൾ

ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച

മംഗലാപുരത്ത് നിന്നും കാസർകോട്ടേക് കർണ്ണാടക  ബസിലായിരുന്നു യാത്ര. തലപ്പാടി വരെ ഒറ്റക്കാലിലും അവിടന്നിങ്ങോട്ട് ഇരുകാലിൽ നിന്നാണ് വന്നത്. അത്രയ്ക്കും ആൾതിരക്കായിരുന്നു അന്ന്. ഓരോ സ്റ്റേഷൻ എത്തുമ്പോഴും ബസ്സിൽ അനൗസ് വരുന്നു. പലയിടങ്ങളിൽ ബസ്സ് നിർത്താതെ പോയെങ്കിലും ബന്തിയോട് കഴിഞ്ഞ് ഷിറിയയിൽ നിർത്തി. വണ്ടി മൂവിംഗിൽ എത്തുമ്പേഴേക്കും അടുത്ത  അനൗൺസ് കേട്ടു.

"തങ്ങൾ വീട്, തങ്ങൾ വീട്"...  ആവർത്തിച്ച് പറയുന്നതിനിടയിൽ ബസ്സ് നിന്നു.ഇറങ്ങാനും കയറാനുമായി ആരില്ലെങ്കിലുംകുമ്പോൽ തങ്ങളുടെ വീട്ടിന് മുന്നിൽ   ബസ്സ് നിർത്തുന്നത് പതിവാണ്...

കുമ്പോൽ സാദാത്തീങ്ങളിൽ ഏതൊ ഒരാളുടെ ജീവിതത്തിൽ പ്രകടമായ അത്ഭുത സിദ്ദിയാണ് ബസ്സ് സ്റ്റോപ്പിൽ എത്തിച്ചതെന്ന് പറയപ്പെടുന്നു...

  കേരള കർണ്ണാടകയുടെ വിദൂരങ്ങളിൽ നിന്ന് കുമ്പോൽ തങ്ങളെ കാണാൻ വരുന്നവർക്ക് വലിയ ആശ്വാസവുമാണ്.

"കാസർകോട് ജില്ലയുടെ ഭാഗമായി കേരള-കർണ്ണാടകയുടെ അതിർപ്രദേശങ്ങളുമായി ബന്ധം പങ്കിടുന്ന ചെറു ദേശമാണ് കുമ്പോൽ.കഴിഞ്ഞ നൂറിലേറെ വർഷങ്ങളായി ഈ നാട് വിശ്വാസികളുടെ ഈറ്റില്ലമായി മാറിയിരിക്കുന്നു.

ദേശ, ഭാഷ മത വൈജാത്യമില്ലാതെ സർവ്വർക്കും ഈ നാട് അഭയ കേന്ദ്രമാണ്.

  സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങളെന്ന പുണ്യപുരുഷൻ്റെ ജീവിതവും മരണവും കൊണ്ട് അനുഗ്രഹീ തമായതോടെയാണ് കുമ്പോൽ ആത്മീയതയുടെ

 ആരാമമായി മാറിയത്. സയ്യിദ് മുഹമ്മദ് അൽ ഐദറൂസ് എന്ന പാപ്പം കോയ തങ്ങൾ ഉത്തര മലബാറിനും ദക്ഷിണ കന്നടക്കും ആത്മീയ വെളിച്ചം നൽകി.

കേരളത്തിലെ വടകരയ്ക്കടുത്ത നാദാപുരം കാരക്കാട് തറവാട്ടിൽ ഹിജ്റ 1244 ൽ ഹൈദറൂസ് ഖബീലയിലെ പ്രമുഖനും പണ്ഡിതനും സാത്വികനുമായ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ മകനായാണ് ജനനം.

  ഇരുപതാം വയസ്സില്‍ തന്നെ ആത്മീയ നിര്‍വൃതി തേടി സ്വദേശം വിട്ട അദ്ദേഹം തന്‍റെ സുദീര്‍ഘമായ തീര്‍തഥ യാത്രയില്‍ ഭുരിഭാഗവും വിശുദ്ധ നഗരങ്ങളായ മക്ക, മദീന, ബൈത്തുല്‍ മുഖദ്ദസ്, ബാഗ്ദാദ്, ഉമ്മു ഉബൈദ, അജ്മീര്‍ ഷെരിഫ് എന്നിവിടങ്ങളിലാണ് കഴിച്ചു കൂട്ടിയത്. പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തിയ തങ്ങള്‍ കാസറഗോഡ് കുമ്പളയ്ക്കടുത്ത കുമ്പോലില്‍, സയ്യിദ് ഉമര്‍ ഖാസിയുടെ ഏക പുത്രിയെ വിവാഹം കഴിച്ചു.സാധാരണക്കാരോടൊപ്പമായിരുന്നു തങ്ങളുടെ പ്രവര്‍ത്തനം. പാവങ്ങളുടെ സ്വന്തം തങ്ങള്‍ എന്ന നിലയില്‍ തങ്ങളവര്‍കളെ പാപ്പംകോയ തങ്ങളെന്ന് വിളിച്ചു തുടങ്ങി. കാസറഗോഡ് ശൈലിയില്‍ ‘പാവം’ എന്നത് പാപ്പം എന്നായി മാറി. ചെറുപ്രായത്തില്‍ തന്നെ പിതാവില്‍ നിന്നും ശൈഖന്‍മാരില്‍ നിന്നും പകര്‍ത്തിയ ആരാധനാ ക്രമങ്ങള്‍ ജിവിതത്തില്‍ സജീവമായി നില നിര്‍ത്തിയ പാപ്പംകോയ തങ്ങള്‍ നിശയുടെ യാമങ്ങളില്‍ ഇബാദത്തില്‍ മുഴുകുക പതിവായിരുന്നു. തങ്ങളവര്‍കള്‍ക്ക് ആറ് പെണ്‍മക്കളും രണ്ട് ആണ്‍ മക്കളുമാണ് ഉണ്ടായിരുന്നത്. മൂത്ത പുത്രന്‍ സയ്യിദ് ഉമര്‍ കുഞ്ഞികോയ തങ്ങള്‍ പിതാവിന്‍റെ വഫാത്തിന് ശേഷം ആറ് മാസങ്ങള്‍ കഴിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. ദ്വിതീയ പുത്രനാണ് മര്‍ഹും സയ്യിദ് ഫസല്‍ പൂകോയ തങ്ങള്‍.

 പാപ്പംകോയ തങ്ങൾ തന്‍റെ ആത്മീയ യാത്രയില്‍ ബഗ്ദാദില്‍ നിന്നും ഖാദിരിയ്യ, ഉമ്മു ഉബൈദയില്‍ നിന്നും രിഫാഇയ്യ:, അജ്മീറില്‍ നിന്നും ചിശ്തിയ്യ മുതലായ ത്വരിഖത്തുകളും ആത്മീയ ജ്ഞാനങ്ങളും സമ്പാദിച്ചു. 

​‘സുമ്മിന്‍റെ’ ഇജാസിയ്യത്തില്‍ പ്രത്യേക സിദ്ധി നേടിയ തങ്ങള്‍ വിഷ ബാധയേറ്റവര്‍ക്ക് വിഷം അകറ്റി കൊടുക്കുന്നതില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. എന്നും കയ്യില്‍ ഒരു വടി കരുതിയിരുന്ന പാപ്പംകോയ തങ്ങള്‍ ആ വടി ഉപയോഗിച്ച് മാറാവ്യാധികള്‍ ബാധിച്ചവരില്‍ നിന്നും ആ വ്യാധികളെ ഒഴിപ്പിച്ചിരുന്നു.  ഹിജ്റ 1353 ദുല്‍ഹജ്ജ് 23ന് 109-ആം വയസ്സില്‍ കുമ്പോലില്‍വെച്ച് സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങൾ ഇഹലോക വാസം വെടിഞ്ഞു. 

 വന്ദ്യ പിതാവ് പാപ്പംകോയ തങ്ങളുടെ കാല്‍പ്പാടുകള്‍ പുര്‍ണ്ണമായും പിന്‍പറ്റി കൊണ്ടാണ് മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങള്‍ ആത്മീയ രംഗത്ത് പ്രസിദ്ധനായി തീര്‍ന്ന്‍. നിരവധി സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാല്‍ വലയുന്ന സാധാരണക്കാരായ ജനങ്ങള്‍ക് ആശ്വാസത്തിന്‍റെ തെളിനീരായിരുന്നു പൂകോയ തങ്ങളെന്ന ഫസല്‍ പൂകോയ തങ്ങള്‍.

 ഹിജ്റ 1325 ല്‍ കുമ്പോലിലായിരുന്നു ഫസല്‍ പൂകോയ തങ്ങളുടെ ജനനം. പിതാവിന്‍റെ വിയോഗത്തോടെ, പിതാവിന്‍റെ രംഗങ്ങളിലെല്ലാം ഫസല്‍ പൂകോയ തങ്ങള്‍ പ്രശോഭിച്ചു തുടങ്ങി. ഹ്രസ്വമായ ജീവിതത്തിനിടയില്‍ നിരവതി കശ്ഫ് കറാമത്തുകള്‍ വഴി ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടി. അന്ത്യ കാലത്ത് പിതാവിന്‍റെ ആരാധനാ സ്ഥലമായിരുന്ന ‘പാപ്പംകോയ നഗറില്‍’ സ്വന്തമായി വഖഫ് ചെയ്ത ഒരേക്കര്‍ സ്ഥലത്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ പണിയിക്കുകയും തന്‍റെ കര്‍മ്മ രംഗവുമാക്കിത്തീര്‍ക്കുകയും ചെയ്ത മഹത്തായ സ്ഥാപനമാണ് കുമ്പോല്‍ പാപ്പംകോയ നഗര്‍ ബദ്രിയ്യ: ജുമാ മസ്ജിദ്. ഇവിടെ തന്‍റെ മേല്‍നോട്ടത്തില്‍ ഉന്നതമായൊരു ദര്‍സും തങ്ങള്‍ സ്ഥാപിച്ചു. താജു:ശരീഅ ഷിറിയ അലിക്കുഞ്ഞി മുസ്ലിയാർ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ തുടങ്ങിയ നിരവധി പണ്ഡിതർ ഇവിടെ മുദരിസായി സേവനം ചെയ്തിരുന്നു.  

കാസര്‍ഗോഡ്‌ പട്ളയിലെ സയ്യിദ് ഹുസൈന്‍ ബാഅലവി ആറ്റക്കോയ തങ്ങളുടെ പ്രഥമ പുത്രി ഉമ്മു ഹലീമ ബീവിയാണ് ഫസല്‍ പൂക്കോയ തങ്ങളുടെ ജിവിത സഖി. ഈ അടുത്ത കാലത്ത് അവരും റബ്ബിലേക്ക് യാത്രയായി.

  അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ് പൂക്കോയ തങ്ങള്‍ക്ക്. ഒരു പുത്രി ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു ഫസല്‍ പൂക്കോയ തങ്ങളുടെ അഞ്ച് പുത്രന്‍മാരും ദീനീ സേവന രംഗത്ത് സജീവമാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും വിദ്യാഭ്യാസ ബോർഡ് ട്രഷററും ജാമിഅ സഅദിയ്യ പ്രസിഡണ്ടുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളാണ് മൂത്ത പുത്രൻ.

ജില്ലക്കകത്തും പുറത്തുമായി നിരവധി മഹല്ലുകൾക്ക് നേതൃത്വം നൽകി വരുന്ന തങ്ങൾ കുമ്പോലിൻ്റെ കാരണവരാണ്.

സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളാണ് മക്കളിൽ രണ്ടാമൻ.പിതാവിൻ്റെ ആത്മീയ സരണിയിൽ പിന്തുടർന്ന് നാനാജാതി മതക്കാർക്ക് സാന്ത്വനം നൽകി വരുന്ന കുഞ്ഞിക്കോയ തങ്ങളാണ് വിശ്വാസികളുടെ ആശാ കേന്ദ്രം.സയ്യിദ് അലി തങ്ങൾ ഇമാം ശാഫി അക്കാദമി പോലെയുള്ള സ്ഥാപനങ്ങുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നു. ഡോ.സയ്യിദ് സിറാജുദ്ധീൻ തങ്ങൾ, സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങളെല്ലാം ദീനി സേവന രംഗത്ത് പ്രകാശം പരത്തുന്നു.

 ഹിജ്റ 1392–ല്‍ ദുല്‍ഹജ്ജ് 27ന് തന്‍റെ അറുപത്തിയഴാം വയസ്സില്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കോമ്പോലില്‍ വെച്ച് വഫാത്തായി.  പാപ്പംകോയ നഗര്‍ ബദ്രിയ ജുമാ മസ്ജിദ് സമീപ്പം മുഗള്‍ ശില്‍പകലാ മാതൃകയില്‍ നിര്‍മിച്ച മഖാം ശരീഫില്‍ ഫസല്‍ പൂക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നു. 

 കേരള-കര്‍ണ്ണാടക ഗ്രാമാന്തരങ്ങളിലും അറബ് നാടുകളിലും ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വങ്ങളാണ് കുമ്പോല്‍ സാദാത്തീങ്ങള്‍. കാസര്‍കോട്ടുകാരനെന്നറിഞ്ഞാല്‍ കുമ്പോല്‍ അറിയുമോയെന്നായിരിക്കും പലയിടങ്ങളില്‍ നിന്നുമുള്ള മറുചോദ്യം. കുമ്പോല്‍ തങ്ങന്മാരുടെ സാന്നിധ്യവും സ്‌നേഹവും ആശീര്‍വാദവും പ്രാര്‍ത്ഥനയും ആഗ്രഹിച്ചെത്തുന്ന പരശതങ്ങള്‍ക്ക് സൗമ്യതയോടെ സാന്ത്വനം പകരുന്ന കാഴ്ച കണ്‍കുളിര്‍മയേകുന്നു. മാനവികതയുടെ ഉദ്യാനമെന്ന് വിശേഷിപ്പിക്കാന്‍ മാത്രം അനുഭവങ്ങളുടെ നേര്‍ചിത്രങ്ങളാണ് കുമ്പോലിലെ മുഖച്ഛായയില്‍ തെളിഞ്ഞുവരുന്നത്. ജാതി-മത-വര്‍ഗ, വര്‍ണ്ണ, ദേശ-ഭാഷ, കക്ഷി രാഷ്ട്രീയ വൈജാത്യമന്യേ ദിനംപ്രതി കുമ്പോലിലെ പരിമളം ആസ്വദിക്കാന്‍ തങ്ങളുടെ ദര്‍ബാറിലെത്തുന്നവരുടെ നീണ്ട നിര ആര്‍ക്കും കാണാവുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.

കുമ്പോലെന്ന ആത്മീയാരാമം ജന നിബിഡമാണെപ്പോഴും. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടന്നു വരുന്ന ഉറൂസും അനാചാരങ്ങളോ ആര്‍ഭാടങ്ങളോയില്ലാതെ ശ്രദ്ധേയമാവുകയാണിവിടെ. 

അന്നും ഇന്നും കുമ്പോലിലെ ഉമ്മറപ്പടി തുറന്നിട്ടതാണ്. പണ്ഡിതരും പാമരരും ജന പ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക നായകരും കുമ്പോലില്‍ നിത്യ അതിഥികളാണ്. കുമ്പോല്‍ തങ്ങളുടെ അരുണയുടെ കരുണ സ്പര്‍ശം ആരും കൊതിച്ചു പോകുന്നു. ഉറൂസ് വേളകളില്‍ മഖാമിന്റെ മഹനീയ മണിമുറ്റത്ത് തങ്ങന്മാരുടെ നിറ സാന്നിധ്യമാണ് അനുവാചകരെ അത്ഭുതപ്പെടുത്തുന്നത്. കുമ്പോല്‍ ഉറൂസ് ജനകീയമായതിനു പിന്നില്‍ അവിടത്തെ സാദാത്തീങ്ങളുടെ പങ്ക് നിസീമമാണ്. അത് കൊണ്ടായിരിക്കാം കുമ്പോല്‍ ഉറൂസ് ഒരു മൂന്നാം പെരുന്നാള്‍ പോലെ അനുഭവപ്പെടുന്നത്. ഫസല്‍ പൂക്കോയ തങ്ങളുടെ ദര്‍ബാറിലെത്തുന്നവരെ നിഷ്‌കളങ്ക കരങ്ങളാല്‍ മക്കളും പേരമക്കളും ഹൃദ്യമായി വരവേല്‍ക്കുന്നു. 

വിഷമിക്കുന്നവര്‍ക്ക് അന്നം നല്‍കിയും ജീവച്ഛവമായവര്‍ക്ക് സാന്ത്വനമേകിയും തലചായ്ക്കാന്‍ ഇടമില്ലാതെ ഉഴലുന്നവര്‍ക്ക് കുടില്‍ വെക്കാനുള്ള സഹായഹസ്തങ്ങളും നിരാശ്രയരുടെ പരാശ്രയമായും അനാഥകളുടെ അത്താണിയുമാണ് കുമ്പോല്‍ സാദാത്തീങ്ങള്‍

No comments