JHL

JHL

കുമ്പള വെടിക്കെട്ടുത്സവം ; മൊഗ്രാൽ മൊഴികളുടെ സുൽത്താൻ 'ഖന്നച്ച' ഓർമ്മകൾ അയവിറക്കുന്നു

കുമ്പളയിലെ ശ്രീ ഗോലാല കൃഷ്ണ  അമ്പലത്തില്‍ വർഷത്തിലൊരിക്കലെത്തുന്ന ഉത്സവം കണേർത്ത വിളക്കെന്നും കുമ്പള ബെടിയെന്നും അറിയപ്പെട്ടിരുന്ന ഒരു ഭക്‌തി സാഗരമായ സഹോദര സമുദായ ചടങ്ങായിരുന്നെങ്കിലും ഈ സമയത്തായിരുന്നു കുമ്പളയിലെ കച്ചവടക്കാരുടെ ഇയറെണ്ടിങ്ങ്‌.

ഒരു വർഷത്തെ വ്യാപാര കണക്കെടുപ്പും ഇടപാട്‌ തീർക്കലും കുമ്പള വിളക്കെത്തുന്ന സമയത്തായിരുന്നു നടന്നിരുന്നത്‌ ഭുരിഭാഗം കച്ചവടക്കാരും മുസ്ലിം/islam മതവിശ്വാസികളായിരുന്നെങ്കിലും ബെടിക്ക്‌ മുമ്പ്‌ കണക്ക്‌ തീർക്കണമെന്ന ഒരു വ്യവസ്ഥയിലായിരുന്നു അന്നൊക്കെ ക്രയവിക്രയങ്ങള്‍ നടന്നിരുന്നത്‌,
ഈ ഉത്സവത്തിന്റെ വേറൊരു പ്രത്യേയകത പുതുതായി കല്ല്യാണം കഴിച്ച പുതിയാപ്പിളമാർ ബെഡി മുട്ടായി കൊടുത്തയക്കുന്ന(ഭാര്യ വീട്ടിലേക്ക്‌)ഒരു ആചാരം തന്നെ ചുറ്റ്‌വട്ടത്തുള്ള എല്ലാ ഗ്രാമവാസികളും ജാതിഭേദമെന്യേ പാലിച്ചിരുന്ന ഒന്നായിരുന്നതാണ്‌.

മറുനാട്ടിലുള്ള എല്ലാ ഗ്രാമ വാസികളും കുമ്പളക്കാരും(കുടംബ സമേതം) നാട്ടിലെത്തുന്നതും പലപ്പാഴും ഈ സമയത്തായിരിക്കും.

ഇന്ത്യയിലെ മറു പട്ടണങ്ങളില്‍ നിന്നും വിദേശത്ത്‌ നിന്നും എത്തുന്നവർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെടിക്കെട്ടിനെ വെല്ലാന്‍ ഞങ്ങളുടെ പരിസരത്തരങ്ങേറുന്നുണ്ടായിരുന്ന മറ്റുത്സവങ്ങള്‍ക്കൊന്നും കഴിയുമായിരുന്നില്ല.

മാലവെടിയും ഗുണ്ടും പൂത്തിരിയും ബാണവും വർണം വിതറിയും കാതടപ്പിക്കുന്ന ശബ്ദമുയർത്തിയും ബങ്കല്‍ന്റെ (ബംഗ്ലോ ഹില്‍സ്‌)കുന്നിനെ പുളകമണിയിക്കുമ്പോള്‍ കാതും കണ്ണും പൊത്തിപ്പിടിച്ച കുട്ടികള്‍ ആരവത്തിലാറാടുമായിരുന്നു,

വെടിക്കെട്ട്‌ മഹാത്മ്യം കഴിഞ്ഞ്‌ തിരിച്ച്‌ പോകുന്നവർ സാക്ഷ്യപ്പെടുത്താനെന്നോണം സന്തയില്‍ നിന്ന്‌ ബെഡി മുട്ടായി വാങ്ങിയാണ്‌ മടങ്ങാറുണ്ടായിരുന്നത്‌.

ബെഡിന്റെ പിറ്റേന്നായിരിക്കും ചെറിയ കുട്ടികളെയും കൊണ്ട്‌ സന്ത (ചന്ത)കാണാന്‍ പോയിരുന്നത്‌,
ബെലിയ കൊടുത്തയക്കുന്നവരും മിട്ടായി സ്‌റ്റാളുകളില്‍ തിരക്ക്‌ കൂട്ടുന്നതും അടുത്ത മൂന്ന്‌ ദിവങ്ങളോളം തുടരും.

തൊട്ടിലാടുന്നവരും കൈ നോക്കിക്കാനെത്തുന്നവരും ജാലവിദ്യ കാണാനെത്തുന്നവരും ഈ സന്ദർങ്ങളില്‍ കുമ്പളയില്‍ ധാരാളം കാണും.

ഏറ്റവുമധികം ചീട്ട്‌ കളി വിദഗധ്‌ർ സംഘടിച്ചെത്തുന്ന സമയവും ഇത്‌ തന്നെ,പിന്നെ അല്ലറ ചില്ലറ സാമൂഹ്യ വിരുദ്ധരും കാണും,
ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ആഘോഷം കാണാനും സന്തയില്‍ നിന്ന്‌ കളിക്കോപ്പുകള്‍ വാങ്ങാനും മുസ്ലിം ഭൂരിപക്ഷമെത്തിയിരുന്ന കണേര്‌ത്തെ വിളക്കിന്റെ സൗഹാർദ സ്‌നേഹ സൗന്ദര്യം എവിടെയോ വെച്ച്‌ ഞങ്ങള്‍ക്ക്‌ നഷ്ടമായി.

ചില അനിഷ്ട സംഭവങ്ങള്‍ ഇന്ത്യയുടെ ശാപമായി ഉടലെടുത്തപ്പോള്‍ ഇവിടെയും ചിലരതേറ്റുപാടി...


No comments