JHL

JHL

കാൽപന്തുകളിയുടെ നാട്ടിൽ വനിതാ ഫുട്ബോളിലും താരോദയം




 തൃക്കരിപ്പൂർ∙ കാൽപന്തുകളിയുടെ നാട്ടിൽ വനിതാ ഫുട്ബോളിലും താരോദയം. കേരള വനിതാ ഫുട്ബോൾ ടീമിൽ ഇടം നേടിയ മുന്നേറ്റനിര താരം ഉദിനൂരിലെ ഗ്രീഷ്മ ഗിരീഷ്, വനിതാ ഫുട്ബോളിലെ കരുത്തായി.30 മുതൽ ഫെബ്രുവരി 11 വരെ മധ്യപ്രദേശിലെ ഭോപ്പാലിൽ നടത്തുന്ന ഖോലോ ഇന്ത്യ യൂത്ത് വനിതാ ഫുട്ബോളിനുള്ള കേരള ടീമിൽ ഇടം കണ്ടെത്തിയ ഗ്രീഷ്മ, ഈ രംഗത്തെ മികച്ച വാഗ്ദാനമാണ്.


മുന്നേറ്റ നിരയിലും മധ്യനിരയിലും ഒരേ സമയം തിളക്കമേറിയ പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുന്നതാണ് കേരള ടീമിൽ തിരഞ്ഞെടുക്കപ്പെടാൻ സഹായിച്ചത്. നിലവിൽ ഗോകുലം എഫ്സിയുടെ അണ്ടർ 20 ടീമിലെ പ്രധാന താരമാണ്. ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഗേൾസ് ഫുട്ബോൾ ടീമിലൂടെയാണ് ഗ്രീഷ്മയിലെ പന്തുകളി പ്രതിഭയെ  കണ്ടെത്തിയത്.കായികാധ്യാപകൻ പി.പി.അശോകനും ഫുട്ബോൾ താരം യുഗം ഉദിനൂരിലെ കെ.ശരത്തും മികച്ച പരിശീലനം നൽകി. തലശ്ശേരി ബ്രണ്ണൻ കോളജിൽ ഒന്നാം വർഷ ബി കോം വിദ്യാർഥിനിയായ ഗ്രീഷമ, കണ്ണൂർ യൂനിവേഴ്സിറ്റി താരമാണ്. കാസർകോട് ജില്ലയുടെയും കളറണിഞ്ഞിട്ടുണ്ട്. ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം താമസിക്കുന്ന ടി.ഗിരീഷിന്റെയും എം.പി.ഷൈജയുടെയും മകളാണ്. എറണാകുളം പനമ്പിള്ളി നഗറിൽ നടത്തുന്ന കേരള ടീം പരിശീല ക്യാംപിലാണ് ഗ്രീഷ്മ.

No comments