JHL

JHL

ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ; കശ്മീർ, പൗരത്വ നിയമം അടക്കമുള്ള മുസ്ലിം വിരുദ്ധ നീക്കങ്ങൾ; രണ്ടാം ഭാ​ഗം പുറത്തിറങ്ങി


 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബിബിസി സംപ്രേഷണം ചെയ്തു. 2019ൽ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷമുള്ള നരേന്ദ്ര മോദി സർക്കാർ ഭരണം പരിശോധിക്കുന്നതാണ് രണ്ടാം എപ്പിസോഡ്.


ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ടരക്കായിരുന്നു സംപ്രേഷണം. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളുമാണ് ഡോക്യൂമെന്ററിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷനൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.


ഗുജറാത്ത് കലാപവും അതിൽ മോദിയുടെ പങ്കും വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. അതിനിടയിലാണ് രണ്ടാംഭാഗവും ബിബിസി സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരേ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യുട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ഇതിന്‍റെ ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാറിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കിയത്.

വിവാദ നയങ്ങളുടെ ഒരു പരമ്പര തന്നെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞിരുന്നു. മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളുടെ റിപോർട്ടുകളും രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്.

ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസിയും. അതേസമയം, ഡോക്യുമെന്‍ററി വിലക്കിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുന്നുണ്ട്.

No comments