JHL

JHL

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി; മെയ് 31 വരെ യൂണിറ്റിന് 9 പൈസ വർധന




 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവിറക്കി. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് അധിക തുക ഈടാക്കുക. 9 പൈസ യൂണിറ്റിന് സർചാർജായി ഈടാക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് കെ.എസ്.ഇ.ബിക്ക് അനുകൂലമായി ഉത്തരവിറക്കിയത്.

പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് നടപടി.മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് യൂണിറ്റിന് ഒൻപത് പൈസ വീതം നാല് മാസത്തേക്ക് ഇന്ധന സർചാർജ് ഈടാക്കാനാണ് ഉത്തരവ്. മാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ദ്വൈമാസ ബില്ലിൽ 30 രൂപ വർധിക്കും.

500 യൂണിറ്റ് വരെയുള്ളവർക്ക് 99 രൂപ അധികം നൽകേണ്ടിവരും.കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനാണ് ഇപ്പോഴത്തെ നിരക്ക് വർധന. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും.

യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം. എന്നാൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇത് അംഗീകരിച്ചില്ല.2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും കഴിഞ്ഞവർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു.

ഇതു തൽക്കാലം പരിഗണിക്കേണ്ടെന്നും ബോർഡിന്റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാൽ മതിയെന്നും കമ്മിഷൻ നിലപാടെടുത്തു. താപവൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഇറക്കുമതി ചെയ്ത കൽക്കരി കൂടി ഉപയോഗിക്കുന്നുണ്ട്.

No comments