JHL

JHL

ഹൊസങ്കടി ജുവലറി കവർച്ച നടത്തി ജാമ്യുത്തിൽ ഇറങ്ങിയ ആൾ മറ്റൊരു കവർച്ചക്കേസിൽ ഉഡുപ്പിയിൽ പിടിയിൽ


 മംഗളൂരു : മഞ്ചേശ്വരം ഹൊസങ്കടി രാജധാനി ജൂവലറി കവർച്ചക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയുൾപ്പെടെ രണ്ടുപേർ മറ്റൊരു കവർച്ചക്കേസിൽ ഉഡുപ്പിയിൽ പോലീസിന്റെ പിടിയിലായി. കാർക്കള ബീഡു സ്വദേശി മുഹമ്മദ് റിയാസ് (39), കാപ്പ് താലൂക്കിലെ യെല്ലൂർ സ്വദേശി രാജേഷ് ദേവാഡിഗ (38) എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് റിയാസ് രണ്ടുവർഷം മുമ്പ് ഹൊസങ്കടിയിലെ രാജധാനി ജൂവലറിയിൽ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയാണ്. രാത്രിയിൽ കവർച്ച നടത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഉഡുപ്പി കോട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ കവർച്ചചെയ്ത മൂന്ന് വാഹനങ്ങളും 15 ലക്ഷം രൂപയുടെ

സ്വർണാഭരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കോട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ സായിബറക്കട്ടെയിൽ പോലീസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് രാജേഷ് ദേവാഡിഗയും മുഹമ്മദ് റിയാസും മോഷ്ടിച്ച കാറിലെത്തിയത്. പരിശോധിച്ചപ്പോൾ കാറിനകത്ത് രേഖകളില്ലാത്ത സ്വർണാഭരണങ്ങൾ കണ്ടെത്തി. ചോദ്യംചെയ്തപ്പോൾ ശാസ്താനയിലെ പള്ളിക്ക് സമീപത്തെ വീട്ടിൽനിന്ന് മോഷ്ടിച്ചതാണെന്ന് ഇവർ സമ്മതിച്ചു. സ്വർണാഭരണങ്ങൾ വിൽക്കാൻ ശിവമോഗയിലേക്ക് പോകുകയാണെന്നും അവർ മൊഴി നൽകി. രാജേഷിനെതിരെ ഉഡുപ്പി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 കവർച്ചക്കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കാപ്പ് പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും പടുബിദ്രി പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും കാർക്കള റൂറൽ പോലീസ് സ്റ്റേഷനിൽ ഒരുകേസും ഉഡുപ്പി ടൗൺ പോലീസ് സ്റ്റേഷനിൽ നാല് കേസുകളും നിലവിലുണ്ട്. 2018-ൽ നടന്ന കൊലക്കേസിലും കവർച്ചക്കേസിലും റിയാസ് പ്രതിയാണെന്ന് ഉഡുപ്പി പോലീസ് പറഞ്ഞു. ഹിരിയടുക്ക ജയിലിൽവച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പൂട്ടിക്കിടക്കുന്ന വീടുകളിൽ രാത്രി കവർച്ച നടത്താനായിരുന്നു ഇവരുടെ പദ്ധതി. 15 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ 2.50 ലക്ഷം രൂപ വിലമതിക്കുന്ന കാർ, ഒരുലക്ഷം രൂപയുടെ ബൈക്ക്, 50,000 രൂപ വിലയുടെ സ്കൂട്ടർ എന്നിവ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹൊസങ്കടി രാജധാനി ജൂവലറിയിൽ കവർച്ച 2021 ജൂലായ് 26-നാണ് ഹൊസങ്കടി രാജധാനി ജൂവലറിയിൽ കവർച്ച നടന്നത്. 26-ന് അർധരാത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം സെക്യൂരിറ്റി ജീവനക്കാരൻ കളത്തൂരിലെ അബ്ദുള്ളയെ കെട്ടിയിട്ട് മർദിച്ചശേഷം 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നുവെന്നാണ് കേസ്. സംഘം തലപ്പാടിയിൽവെച്ച് ഉള്ളാൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ പോലീസ് പിന്തുടർന്നപ്പോൾ ബീരിയിൽവെച്ച് കാർ ഉപേക്ഷിക്കുകയും ആ കാറിനകത്തുനിന്ന് ഏഴരക്കിലോ വെള്ളിയാഭരണങ്ങളും ഒന്നരലക്ഷം രൂപയും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ തൃശ്ശൂർ സ്വദേശി സത്യേഷ് എന്ന കിരണി(35)നെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജധാനി ജൂവലറി കവർച്ചക്കേസിൽ മുഹമ്മദ് റിയാസും കിരണുമടക്കമുള്ളവർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

No comments