JHL

JHL

ഉളുവാറിൽ മുസ്ലിംലീഗ് വാർഡ് പ്രസിഡന്റ് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സര രംഗത്ത്

കുമ്പള(True News 19 November 2020):  ഉളുവാറിൽ മുസ്ലിംലീഗ് വാർഡ് പ്രസിഡന്റ് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സര രംഗത്ത്. പാർട്ടിയുടെ ശാഖാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയാണ് വ്യാഴാഴ്ച പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ നാമനിർദേശപ്പത്രിക സമർപ്പിച്ചത്.  മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ യൂസുഫ് ഉളുവാറാണ് ഇവിടെ പാർട്ടി നിയോഗിച്ച സ്ഥാനാർത്ഥി.

      നേരത്തെ ഗൾഫിലായിരുന്ന മുഹമ്മദ് കുഞ്ഞി അഞ്ചു വർഷത്തിലേറെയായി നാട്ടിൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി സീറ്റ് നൽകിയില്ല. നേരത്തെ വാർഡിൽ നിന്നു തന്നെയുള്ള സജീവ പ്രവർത്തകരായ ഹുസൈൻ, എം എസ് എഫ് നേതാവ് മുഹമ്മദ് കുഞ്ഞി എന്നിവരുടെ പേരുകൾ പരിഗണനയ്ക്ക് വരികയും മുഹമ്മദ് കുഞ്ഞിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ കൂടുതൽ ജനസമ്മതനും വിജയ സാധ്യതയുള്ളതും യൂസുഫിനാണെന്ന വസ്തുത കണക്കിലെടുത്ത് ഉളുവാറിൽ യൂസുഫിനെത്തന്നെ രംഗത്തിറക്കുകയായിരുന്നു.

അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ യൂസുഫ് ജയിക്കുകയും പഞ്ചായത്ത് പ്രസിഡൻറാവുകയും ചെയ്യുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ.  

     മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഉളുവാറിൽ റിബൽ സ്ഥാനാർത്ഥി യൂസുഫിന് വലിയ വെല്ലുവിളിയാകില്ലെങ്കിലും ചില പ്രാദേശിക സ്വരച്ചേർച്ചയില്ലായ്മയുടെ  പേരിൽ ഏതാനും ലീഗണികൾ ഉൾപ്പെടെയുള്ള നാട്ടുകാർ രൂപീകരിച്ച പൗര മുന്നണിയുടെ സ്ഥാനാർത്ഥി ശരീഫ് മത്സര രംഗത്തുണ്ട്. സി പി എമ്മിന്റെ പിന്തുണയും ശരീഫിനുണ്ട്. വാർഡിൽ ബിജെപിക്ക് വലിയ സ്വാധീനമില്ലെങ്കിലും യു ഡി എഫ് വോട്ടുകൾ തുല്യമായി മൂന്നു പേർക്കും വീതിക്കപ്പെട്ടാൽ തങ്ങൾക്ക് ജയിക്കാനാകുമെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്.

പ്രചരണ രംഗം ചൂടുപിടിക്കുന്നതോടെ ഒരു ചതുഷ്കോണ മത്സരത്തിന് തിരിതെളിയുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കുതുകികൾ.

No comments