JHL

JHL

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ജലരേഖ; കനിയാലയിൽ മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിൽ

ഉപ്പള(True News 12 November 2020): തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ അഞ്ചുവര്‍ഷമായി കുടിവെള്ളം പോലും ഉറപ്പാക്കാന്‍ കഴിയാത്ത പഞ്ചായത്ത്‌ ഭരണത്തിനും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുമെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. പൈവളിക-പഞ്ചായത്തിലെ കനിയാലയിലാണ്‌ നാട്ടുകാര്‍ പ്രാഥമികാവശ്യമായ കുടിവെള്ളത്തിനുവേണ്ടി മുറവിളി കൂട്ടുന്നത്‌. കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഇവിടെ 2008ല്‍ ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതി പ്രവര്‍ത്തനമാരംഭിച്ചതോടൊപ്പം കുടിവെള്ള വിതരണ തടസ്സവും പതിവായിരുന്നു. പൈപ്പുകള്‍ നിരന്തരം പൊട്ടുകയും മോട്ടോര്‍ കേടാവുകയും ചെയ്‌തുകൊണ്ടായിരുന്നു. ഒടുവില്‍ കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു മുമ്പു കുടിവെള്ള വിതരണം പൂര്‍ണ്ണമായി നിലച്ചു. തങ്ങള്‍ ജയിച്ചാല്‍ പിറ്റേന്നു മുതല്‍ കനിയാലയില്‍ കുടിവെള്ളം ഒഴുക്കുമെന്നു രാഷ്‌ട്രീയക്കാര്‍ വാഗ്‌ദാനം നല്‍കി ജനങ്ങളെ സുഖിപ്പിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ രാഷ്‌ട്രീയക്കാര്‍ അവരുടെ വഴിക്കു പോവുകയായിരുന്നെന്നു പദ്ധതിയുടെ ഗുണഭോക്താക്കളായ 35 കുടുംബങ്ങള്‍ പറയുന്നു.കുടിവെള്ള വിതരണത്തിനു വേണ്ടി കുഴിച്ച കിണര്‍ ഇപ്പോഴും ജല സമൃദ്ധമായിട്ടുണ്ട്‌. എന്നാല്‍ അതു കാടുമൂടി അപകടനിലയില്‍ കിടക്കുന്നു. കാടു വെട്ടിത്തെളിച്ചു കിണര്‍ ശുചീകരിച്ചിരുന്നെങ്കില്‍ അതിലെ വെള്ളം കോരിക്കുടിക്കുകയെങ്കിലും ചെയ്യാമായിരുന്നു. എന്നാല്‍ അതിനു പോലും അധികൃതര്‍ മനസ്സു വയ്‌ക്കുന്നില്ലെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.

No comments