JHL

JHL

ഉളുവാറിൽ ഈ വർഷവും പൗരമുന്നണി സ്ഥാനാർത്ഥി മത്സര രംഗത്ത്





കുമ്പള: കുമ്പള പഞ്ചായത്തിലെ ആറാം വാർഡായ ഉളുവാറിൽ ഇപ്രാവശ്യവും പൗരമുന്നണി സ്ഥാനാർത്ഥി മത്സര രംഗത്ത്. പി.പി ശരീഫാണ് പൗരമുന്നണിക്കു വേണ്ടി ജനവിധി തേടുക. ബായിക്കട്ട ത്വാഹാ മസ്ജിദിന് സമീപം പൗരമുന്നണിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. നിരവധി പേരാണ് ഉൽഘാടന പരിപാടിയിൽ സംബന്ധിച്ചത്. പ്രാദേശിക തലത്തിൽ മുസ്ലിം ലീഗിന്റെ  നയപരമായ കാര്യങ്ങളിൽ അതൃപ്തിയുള്ള ഏതാനും പ്രവർത്തകരാണ് പൗരമുന്നണിയുടെ രൂപീകരണത്തിന് പിന്നിൽ. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഉളുവാറിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി പി എം പിന്തുണയോടെ മത്സരിച്ച പൗരമുന്നണിയുടെ സ്ഥാനാർത്ഥി നാനൂറിൽ പരം വോട്ടുകൾ നേടിയിരുന്നു. എന്നിട്ടും നൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗാണ് ജയിച്ചത്.

     ഈ തെരഞ്ഞെടുപ്പിലും സി പി എം പൗരമുന്നണിയെ പിന്തുണച്ചേക്കുമെന്നാണ് വിവരം. കൂടാതെ എസ്ഡിപിഐ വോട്ടുകളും പൗരമുന്നണിക്ക് ലഭിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്നും വിഭിന്നമായി യുവാക്കൾക്കിടയിൽ വളരെ സ്വാധീനമുള്ള ഒരു സ്ഥാനാർത്ഥിയെയാണ് പൗരമുന്നണി മത്സര രംഗത്തിറക്കിയിരിക്കുന്നത്.

മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം. ആറാം വാർഡിൽ നിന്നുള്ള ഒരാളെയായിരിക്കും ലീഗ് സ്ഥാനാർത്ഥിയാക്കുക. ബി ജെ പി വലിയ വെല്ലുവിളിയല്ലാത്ത വാർഡിൽ .കടുത്ത മത്സരമായിരിക്കും ലീഗും പൗരമുന്നണിയും തമ്മിൽ നടക്കുക.

     സങ്കീർണമായ  കുടുംബ ബന്ധങ്ങൾ കെട്ടിപ്പിണഞ്ഞ് കിടക്കുന്ന പ്രദേശമായതിനാൽ ആർക്ക് വോട്ടു നൽകുമെന്ന കാര്യത്തിൽ അവസാന നിമിഷം വരെ വോട്ടർമാർ തീ തിന്നുമെന്ന കാര്യം ഉറപ്പാണ്.

No comments