JHL

JHL

കുമ്പള ഗ്രാമപഞ്ചായത്ത് ; സമവാക്യങ്ങൾ മാറി മറിയുമോ..


Special Report By True news, 27 November 2020 

നിലവിൽ (2015) മുസ്ലിം ലീഗ് - 9, ബി ജെ പി - 7, കോൺഗ്രസ് - 3, സി പി എം - 2, സ്വതന്ത്രർ - 2

എന്നിങ്ങനെ സീറ്റ് നിലയുള്ള കുമ്പള പഞ്ചായത്ത് ഭരണ സമിതിയിൽ ഇപ്രാവശ്യം മാറ്റം ഉണ്ടാവുമോ എന്ന് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

 -40.18 ച. കി. മീ. വിസ്തീർണവും 60,000 ൽ പരം ജനസംഖ്യയുമുള്ള പഞ്ചായത്തിൽ 36,450 ആണ് ആകെ വോട്ടർമാർ. 17,866 പുരുഷ വോട്ടർമാരും 18,584 സ്ത്രീ വോട്ടർമാരുമാണ് ഇവിടെയുള്ളത്.

ഭരണം നിലനിർത്താൻ മുസ്‌ലിം ലീഗ് കഠിന പ്രയത്നത്തിലാണ്.

 അഞ്ച് പതിറ്റാണ്ടിലേറെയായി വലതുപക്ഷം ചേർന്നു നിൽക്കുന്ന പഞ്ചായത്താണ് കുമ്പള. വരുന്ന അഞ്ചു വർഷത്തേക്കും അത് നില നിർത്താനാവുമോ എന്നതാണ് ചോദ്യം.

 പതിമൂന്ന് സീറ്റുകളിൽ മൽസരിക്കുന്ന മുസ്ലിം ലീഗ് മുഴുവൻ സീറ്റുകളും നേടുമെന്ന പ്രതീക്ഷയിലാണെങ്കിലും ബദ്രിയ നഗർ (പതിനഞ്ച്), കൊപ്പളം (പത്തൊമ്പത്) വാർഡുകളിൽ ലീഗിന് വിജയ സാധ്യത കുറവാണ്. പതിനഞ്ചിൽ പാർട്ടി സ്ഥാനാർത്ഥിയായ  സി എം മുഹമ്മദിനെതിരെ മത്സരിക്കുന്ന റെസിഡൻസ് അസോസിയേഷൻ സ്ഥാനാർത്ഥി മുഹമ്മദ് സ്മാർട്ടിനാണ് വിജയ സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡിൽ നിന്നും ജയിച്ച ലീഗ്പ്രതിനിധി വികസന കാര്യത്തിൽ വാർഡിനെ അവഗണിച്ചുവെന്നാരോപിച്ചാണ് ഇവിടെ റസിഡൻസ് അസോസിയേഷൻ സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. കൊപ്പളം വാർഡിലാകട്ടെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി രിഷാന നിയാസിനെതിരെ റിബലായി മത്സരിക്കുന്ന ഖൗലത്ത് കുറെ വോട്ടുകൾ പിടിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയായിരുന്നു പത്തൊൻപതാം വാർഡിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഇപ്രാവശ്യം വെൽഫെയർ പാർട്ടിയുടെസ്വതന്ത്ര സ്ഥാനാർത്ഥിയായി ഫൗസിയ സിദ്ദിഖും രംഗത്തുണ്ട്.

 മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ യൂസുഫ് ഉളുവാർ മത്സരിക്കുന്ന ഉളുവാറിലും ലീഗിന് ഒരു ഈസി വാക്കോവർ പ്രതീക്ഷിക്കാനാവില്ല.

2010 ൽ ലീഗിന് മൃഗീയ ഭൂരിപക്ഷം ലഭിച്ച ഉളുവാർ വാർഡിൽ 2015ൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി 99 വോട്ടുകൾക്കാണ് ജയിച്ചത്. ഈ വർഷവും ലീഗ് ജയിക്കുമെങ്കിലും സി പി എം പിന്തുണയുള്ള പൗരമുന്നണി സ്ഥാനാർത്ഥി പി പി ശരീഫ് ലീഗിന് കടുത്ത പ്രതിരോധം തീർക്കും. വാർഡ് നിരീക്ഷണത്തിനായി യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഷ്റഫ് എടനീരിനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

       പത്ത് വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മൽസരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച ഊജാർ, മഡുവ, കെ.കെ പുറം വാർഡുകൾ നില നിർത്തുന്നതോടൊപ്പം ഇത്തവണ ഇച്ചിലംപാടി (പത്താം വാർഡ്) കൂടി കോൺഗ്രസ് പിടിച്ചെടുക്കാനാണ് സാധ്യത. എൽ ഡി എഫ്, യു ഡി എഫ് , ബിജെപി ത്രികോണ മത്സരം കാഴ്ച വെക്കുന്ന ഇച്ചിലമ്പാടിയിൽ നിന്ന് 2015ൽ ബിജെപിയിലെ ഹരീഷ് ഗട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഊജാർ വാർഡിൽ നിന്നും ജയിച്ച നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഗീത ഷെട്ടിയാണ് ഇവിടെ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയുടെ ജാതിയും മതവും നിർണായകമാവുന്ന ഈ പ്രദേശത്ത് ഏതാനും സി പി എം, ബി ജെ പി വോട്ടുകൾ കൂടി തനിക്കനുകൂലമായി പെട്ടിയിലാക്കാൻ ഗീതയ്ക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

 സാധ്യമായ വാർഡുകളിലെല്ലാം സ്ഥാനാർത്ഥികളെ നിർത്തിയും  പാർട്ടി സ്ഥാനാർത്ഥികളില്ലാത്ത വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണച്ചും സി പി എം വളരെ സജീവമായി രംഗത്തുണ്ട്. സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുകൊണ്ടുള്ള പ്രചാരണ പരിപാടികളാണ് സി പി എം നടത്തുക. നിലവിൽ കളത്തൂർ, പെർവാഡ് വാർഡുകളെയാണ് സി പി എം പ്രതിനിധാനം ചെയ്യുന്നത്. കളത്തൂരിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ബിജെപിയിലേക്ക് ചെക്കേറിയ പുഷ്പലതയാണ്  ബി ജെ പി സ്ഥാനാർത്ഥി. എങ്കിലും സി പി എം സ്ഥാനാർത്ഥി കസ്തൂരിക്ക് തന്നെയാവും വിജയം. കൂടാതെ ത്രികോണ മത്സരം നടക്കുന്ന മാട്ടംകുഴിയിൽ സ്ഥിതി മാറിമറിഞ്ഞേക്കാം. ഇവിടെ സ്ഥാനാർത്ഥി നിർണയത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നതും സ്ഥാനാർത്ഥിത്വത്തിനു വേണ്ടി പാർട്ടിക്കകത്തുണ്ടായ പിടിവലിയും '  ലീഗിനോട് നാട്ടുകാരിൽ അമർഷം ഉളവാക്കിയിട്ടുണ്ട്. നിലവിൽ മൂന്നാം സ്ഥാനത്താണെങ്കിലും വാർഡ് പിടിച്ചെടുക്കാ്വുന്നത്ര പുതിയ വോട്ടുകൾ ലീഗിന് ഇവിടെ ചേർക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് പാർട്ടിക്ക് ഒരു പ്രതീക്ഷയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി യോടൊപ്പം നിന്ന വാർഡിൽ രണ്ടാം സ്ഥാനത്ത് സി പി എമ്മാണുള്ളത്.

മൂന്നു സ്ഥാനാർത്ഥികൾക്കും ഇത് കന്നിയങ്കമാണെങ്കിലും ജനസ്വാധീനത്തിന്റെ കാര്യത്തിൽ ഇടതു സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു. വിവേകാനന്ദ ഷെട്ടിയാണ് ബി ജെ പി സ്ഥാനാർത്ഥി

No comments