JHL

JHL

മൂന്ന് ഘട്ടങ്ങളിലായുള്ള തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു : കാസറഗോട്ട് ഡിസംബർ പതിനാലിന്

തിരുവനന്തപുരം(True News 6 November 2020): കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാം ഘട്ടം ഡിസംബര്‍ പത്തിനും മൂന്നാം ഘട്ടം ഡിസംബര്‍ 14നും നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടത്തുക. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. മൂന്നംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് മലപ്പുറം, കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. ഡിസംബര്‍ 16ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ പത്തൊമ്പതും പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23ഉം ആണ്. വെള്ളിയാഴ്ച മുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നിരിക്കുകയാണ്. 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് 1199 സ്ഥാപനങ്ങളിലേക്കാണ് നടത്തുന്നത്. 941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും 6 കോര്‍പ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

34744 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക. ഇതിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണ ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമൊരുക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കും. ഡിസംബര്‍ 31ന് മുന്‍പ് പുതിയ ഭരണ സമിതി നിലവില്‍ വരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഗ്രഹം. അതിനനുസരിച്ചുള്ള പ്രവര്‍ത്തനനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരിച്ചു.

No comments