JHL

JHL


 മൊഗ്രാൽ. ഒരേ ക്ലാസ്സിൽ പഠിച്ച സഹപാഠികൾ 25 വർഷങ്ങൾക്ക് ശേഷം അതേ കലാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നപ്പോൾ അത് ജീവിതത്തിലെ പുതിയൊരു  അനുഭവമായി മാറി. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1996-97 എസ്എസ്എൽസി ബാച്ചിലെ സഹപാഠികളാ ണ് "തിരികെ-97'' എന്ന പേരിൽ കലാലയ കാല ഓർമ്മകളും,ജീവിതകാല വിശേഷങ്ങളുമായി ഒരിക്കൽ കൂടി ഒത്തുചേർന്നത്. മൊഗ്രാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് 75ലേറെ സഹപാഠികൾ 150 ഓളം കുടുംബാംഗങ്ങളുമായി സംഗമിച്ചത്. പഴയ വിദ്യാർത്ഥികൾക്കൊപ്പം അന്ന് അവരെ പഠിപ്പിച്ച നാലോളം അധ്യാപകരും ഈ ഒത്തുചേരലിന് സാക്ഷികളായി.


 25 വർഷം മുമ്പുള്ള അതേ മാതൃകയിൽ ക്ലാസ് റൂം ഒരുക്കിയതും, പഴയതുപോലെ സഹപാഠികളെല്ലാം ഒരേ ബെഞ്ചിൽ ഇരുന്നുള്ള കുശലം പറയലും, അധ്യാപകനായ എം മാഹിൻ മാസ്റ്റർ ക്ലാസ് എടുത്തതും, സഹപാഠികൾ സ്കൂൾ ജീവിതത്തിലെ പഴയകാല മധുരസ്മരണകൾ അയവിറക്കിയതും സംഗമത്തിന് കൗതുകം പരത്തി. സംഗമം സഹപാഠികളുടെ വളർന്നുവരുന്ന മക്കൾക്ക് പുതിയൊരു അനുഭവവും, പ്രചോദനവുമായി മാറി.


 കുട്ടികളുടെയും, സഹപാഠികളുടെയും വ്യത്യസ്തങ്ങളായ കലാ-കായിക മത്സരങ്ങൾ സംഗമത്തിന് കൊഴുപ്പ് കൂട്ടി.  സംഗമത്തിൽ പങ്കെടുത്ത പഴയകാല അധ്യാപകരായ എം മാഹിൻ മാസ്റ്റർ,കെആർ ശിവൻ മാസ്റ്റർ,രാധാ ടീച്ചർ, പ്രമീളാ ടീച്ചർ എന്നിവരെ സ്നേഹോപഹാരം നൽകിയും,പൊന്നാട അണിയിച്ചും ആദരിച്ചു. ഒത്തുചേരലിന്റെ ഭാഗമായി സ്കൂളിന് 50 ഓളം കസേരകളും സ്കൂൾ അധികൃതർക്ക് കൈമാറിയതും ശ്രദ്ധേയമായി. ഫാത്തിമ ഷമ്മൂല ഷറാഫത്ത്, അൻസാറാ ബീഗം എന്നിവർ പരിപാടി നിയന്ത്രിച്ചു. സഹപാഠികളിൽ ഒരാളും, അധ്യാപികയുമായ സൈനബ ടീച്ചർ സ്വാഗതവും, പി സി നിയാസ് നന്ദിയും പറഞ്ഞു.


 സഹപാഠികളായ സൗദി അറേബ്യ ജിദ്ദയിലുള്ള കുബ്ര -ലത്തീഫും, ടിപി അനീസും പരിപാടിക്കെത്താൻ സാധിക്കാത്തതിലുള്ള വിഷമവും, ആശംസകളും അറിയിച്ചു. പരിപാടിയുടെ വീഡിയോകളും, ഫോട്ടോകളും വളരെ ഭംഗിയായി ഒപ്പിയെടുത്ത സഹപാഠികളിൽ ഒരാളായ അദ്ലീസിനെ സംഗമം അഭിനന്ദിച്ചു.



ഫോട്ടോ: 25 വർഷങ്ങൾക്കുശേഷം സഹപാഠികൾ മൊഗ്രാൽ സ്കൂൾ മുറ്റത്ത് വീണ്ടും ഒത്തുചേർന്നപ്പോൾ..

No comments