JHL

JHL

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; ബിജെപി ജില്ലാ നേതാവടക്കം അഞ്ചു പേര്‍ അറസ്റ്റില്‍; കടുത്ത വകുപ്പുകള്‍ ചുമത്തി


 മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ബിജെപി ജില്ലാ നേതാവടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ലദാക്ഷ്യ രൂപ്സായി, അങ്കിത് നന്തി, അതുല്‍ നെതാം, ദൊമന്‍ദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. സമൂഹത്തില്‍ കലാപശ്രമം നടത്താനുള്ള നീക്കമായാണ് പൊലീസ് ആക്രമണത്തെ കാണുന്നത്.

എപിസി 153 (എ), ഏതെങ്കിലും വര്‍ഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേല്‍പ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നതിനെതിരെയുള്ള ഐപിസി (295), കലാപം തടയാനുള്ള ഐപിസി (147 ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പള്ളി ആക്രമണത്തിന് നേതൃത്വം നല്‍കിയ കൂടൂതല്‍ പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇതിനിടെ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തിന് നാരായണ്‍പുര്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് തിങ്കളാഴ്ച ആദിവാസി സംഘടനയുടെ നേതൃത്വത്തില്‍ നാരായണ്‍പുരില്‍ ബന്ദ് നടത്തിയിരുന്നു.


No comments