JHL

JHL

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ഇന്ന് കാസർകോടെത്തും


 കാസര്‍ഗോഡ്: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കാസർകോട് എത്തും. ആദ്യമായിട്ടാണ്  ധോണി കാസർകോട് എത്തുന്നത്. കുടുംബസുഹൃത്ത് ഡോക്ടർ ഷാജിർ ഗഫാറിന്‍റെ പിതാവ് പ്രൊഫസർ കെ.കെ.അബ്ദുൾ ഗഫാറിന്‍റെ ആത്മകഥ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് മഹേന്ദ്രസിങ് ധോണി കേരളത്തിൽ എത്തുന്നത്. കാസർകോട് സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധോണിക്ക് പുറമെ  രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള വിശിഷ്ട അതിഥികളും പങ്കെടുക്കുന്നുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ ധോണി ഈ സീസണോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നെങ്കിലും ടീമിന്‍റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീസണിടയില്‍ വെച്ച് ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു.

ചെന്നൈയിലെ കാണികള്‍ക്ക് മുമ്പില്‍ കളി നിര്‍ത്താനാണ് ആഗ്രഹമെന്ന് ധോണി കഴിഞ്ഞ സീസണില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ സീസണില്‍ ഹോം എവേ അടിസ്ഥാനത്തിലല്ലാതെ നാലു ഗ്രൗണ്ടുകളില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടത്തിയിരുന്നത്. അതിനാല്‍ ചെന്നൈയില്‍ കളിച്ച് കളി മതിയാക്കണമെന്ന ധോണിയുടെ ആഗ്രഹം നടന്നില്ല.

എന്നാല്‍ ഈ സീസണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതിനാല്‍ ഹോം എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈയെ നാലു തവണ ചാമ്പ്യന്‍മാരാക്കിയ ധോണിക്ക് കഴിഞ്ഞ സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാനായിരുന്നില്ല.ഏപ്രില്‍ ആദ്യവാരമാണ് ഇത്തവണ ഐ പി എല്‍ സീസണ്‍ തുടങ്ങുന്നത്

No comments