JHL

JHL

വൻകിടക്കാരുടെ കടങ്ങൾ എഴുതിത്തള്ളുന്നു, സാധാരണക്കാർക്ക് ജപ്തി: ബാങ്കുകളുടെ നടപടികളിൽ പുനഃ പരിശോധന വേണം. -മൊഗ്രാൽ ദേശീയവേദി




 മൊഗ്രാൽ. വൻകിടക്കാരുടെ കടങ്ങൾ എഴുതി തള്ളുകയും, സാധാരണക്കാരായ ജനങ്ങൾ പെൺമക്കളുടെ വിവാഹത്തിനും, വീട് നിർമ്മാണത്തിനും, കൃഷി, വ്യാപാര  ആവശ്യങ്ങൾക്കുമായി എടുത്ത വായ്പയിൽ മേൽ ബാങ്കുകൾ ജപ്തി നടപടികൾ എടുക്കുന്ന നടപടിയിൽ പുനഃ പരിശോധന വേണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

 വായ്പ ബോധപൂർവ്വം തിരിച്ചടക്കാതെ 50 വൻകിടക്കാരിൽ നിന്ന് ബാങ്കുകൾക്ക് കിട്ടാനുള്ളത് 92.570 കോടി രൂപയാണ്. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് മതിയായ ജാമ്യ  വസ്തുവില്ലാതെയാണ് വാരിക്കോരി വായ്പ നൽകിയത്. ഇതിന്റെ ഭവിഷ്യത്ത് രാജ്യത്തെ ബാങ്കുകൾ നേരിട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ 11.18 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യ ബാങ്കുകൾ മാത്രം എഴുതിത്തള്ളിയതെന്ന് ധനകാര്യ മന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. കടം തിരിച്ചടക്കാതെ തട്ടിപ്പ് നടത്തുന്ന വൻകിടക്കാരുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചുവരുന്നതായി ധനകാര്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച രേഖയിലും വ്യക്തമാണ്.


 അതേസമയം സാധാരണക്കാരുടെ വായ്പയുടെ തിരിച്ചടവ് വൈകിയത് കൊണ്ട് മാത്രം ജില്ലയിൽ നിരവധി വീടുകളും, സ്ഥലങ്ങളുമാണ് ബാങ്കുകളുടെ ജപ്തി നടപടികൾ നേരിടുന്നത്. കോവിഡ് കാലത്തെ മൊറോട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കി നൽകുന്നതിന് പോലും ബാങ്കുകൾക്ക് ആർബിഐ നൽകിയ നിർദ്ദേശം പല ബാങ്കുകളും നടപ്പിലാക്കിയിരുന്നില്ല. കോവിഡ് പ്രതിസന്ധികാലത്തെ പലിശക്കുമേൽ കൂട്ടുപലിശ ഈടാക്കുന്ന ബാങ്കുകളുടെ നടപടി സുപ്രീംകോടതി ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു "കോവിഡ് -19 റിലീഫ് സ്കീം'' കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ച് ബാങ്കുകൾ പലിശ ഈടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതേ തുടർന്നാണ് സാധാരണക്കാരുടെ സ്ഥലവും,വീടുകളും ജപ്തി നടപടികൾ നേരിടേണ്ടി വന്നതെന്ന് ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു. വൻകിടക്കാർക്ക് ഒരു നീതി,സാധാരണക്കാർക്ക് മറ്റൊരു നീതി എന്ന ബാങ്കുകളുടെ ഇരട്ടത്താപ്പ് നടപടികൾക്കെതിരെ പൊതുസമൂഹം പ്രതിരോധിക്കാൻ മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

 യോഗത്തിൽ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ജന: സെക്രട്ടറി ടികെ ജാഫർ സ്വാഗതവും,ട്രഷറർ മുഹമ്മദ് സ്മാർട്ട്‌ നന്ദിയും പറഞ്ഞു. യോഗത്തിൽ ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ സംബന്ധിച്ചു.

ഫോട്ടോ: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ മൊഗ്രാൽ ദേശീയപാതയിൽ ജപ്തി നടപടികൾ നേരിട്ട വീടുകളിലൊന്ന്.

No comments