JHL

JHL

ടാറ്റ കോവിഡ് ആശുപത്രി ഇനി ഒരു ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി


 കാസർകോട് ∙ കോവിഡ് കാലത്ത് ടാറ്റ ട്രസ്റ്റിന്റെ 60 കോടിയും സംസ്ഥാന സർക്കാരിന്റെ 15 കോടിയോളം രൂപയും ചെലവഴിച്ചു പ്രവർത്തനമാരംഭിച്ച ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി ഒരു ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കെട്ടിടത്തിൽ ധാരാളം പ്രശ്നങ്ങളുണ്ട്. മേൽ‌ക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിർമിച്ച തറ നാശാവസ്ഥയിലാണെന്നും തീപിടിത്ത സാധ്യത ഏറെയാണെന്നും റിപ്പോർട്ട് പറയുന്നു.


കോൺക്രീറ്റിന്റെ അടിത്തറയില്ലാത്തതാണു നിർമിച്ചിരിക്കുന്ന കെട്ടിടം. ഇപ്പോഴത്തെ സ്ഥിതിയിൽ അവിടെ ഒരു ആശുപത്രി പ്രവർത്തിപ്പിക്കുന്നത് അസൗകര്യവും ചെലവേറിയതുമാവുമെന്ന് റിപ്പോർട്ട് പറയുന്നു.  വെന്റിലേറ്ററുകൾ അടക്കം ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നു.


സെർവ് കലക്ടീവ് കൂട്ടായ്മ നൽകിയ എൻഡോസൾഫാൻ കേസ് പരിഗണിക്കുന്നതിനിടെ 2022 ഓഗസ്റ്റ് 18നാണ് ജില്ലയിലെ ആരോഗ്യ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ ചുമതലപ്പെടുത്തിയത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ നേരിട്ടു സന്ദർശനം നടത്തിയാണ് അതോറിറ്റി റിപ്പോർട്ട് തയാറാക്കിയത്.


സീലിങ് വഴിയും ജനൽ വഴിയും വെള്ളം ആശുപത്രിക്കകത്ത് എത്തുന്നതായി പരാതിയുണ്ടായിരുന്നു. ടാറ്റയാണു പണിതു നൽകിയതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടതു ജില്ലാ ഭരണകൂടമാണ്. മഴയിൽ സീലിങ് വഴിയും ജനൽ വഴിയുമാണു വെള്ളം ആശുപത്രിയുടെ അകത്ത് എത്തുന്നത്. കാറ്റടിച്ചാൽ‍ വാതിൽ വഴിയും വെള്ളം ആശുപത്രിയിലേക്കു കടക്കും. 125 കണ്ടെയ്നറുകളാണ് ഇവിടെയുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ചോർന്നൊലിക്കുന്നുണ്ട്. ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്തു കൂടിയാണു വെള്ളം ഒലിച്ചിറങ്ങുന്നത്. ഇത് ഷോർട്ട് സർക്യൂട്ടിനു വരെ കാരണമാകാമെന്ന ഭയം അധികൃതർക്കുണ്ട്. ആദ്യ മഴയിൽ തന്നെ ചോർച്ചയുണ്ടായിരുന്നു. ഇത് ടാറ്റാ അധികൃതർ എത്തി അറ്റകുറ്റപ്പണി നടത്തി. എന്നാൽ പിന്നീട് വ്യാപക ചോർച്ച കണ്ടത്തുകയായിരുന്നു.




ടാറ്റാ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ടാറ്റ ട്രസ്റ്റ് സിഎസ്ആർ ഫണ്ടിൽ നിന്ന് 60 കോടിയിലേറെ തുക മുടക്കിയാണു നിർമാണം നടത്തുന്നതെന്നാണ് അന്നു ജില്ലാ ഭരണകൂടം അറിയിച്ചത്.


ജില്ലാ ഭരണകൂടം 12 കോടി രൂപ ചെലവഴിച്ചു ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡും നിർമിച്ചിരുന്നു. ഭൂമിയും റോഡും ഓക്സിജൻ പ്ലാന്റും വൈദ്യുതി സൗകര്യങ്ങളും ഉൾപ്പെടെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയാണു കോവിഡ് കാലത്ത് ടാറ്റാ ആശുപത്രി നിലവിൽ വന്നത്. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ചു. ഇതുവരെ ഇവിടെ 4987 കോവിഡ് രോഗികൾക്കു ചികിത്സ നൽകിയിട്ടുണ്ട്.  30 വർഷത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണു കെട്ടിടമെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. പക്ഷേ 3 വർഷം കൊണ്ട് നാശാവസ്ഥയിലായി.


ടാറ്റ ആശുപത്രി സ്പെഷ്യൽറ്റി ആശുപത്രിയായി ഉയർത്താൻ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുന്നതായാണു സർക്കാർ കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ അറിയിച്ചത്. ഇതിനായി പുതിയ കെട്ടിടം ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നതിനുള്ള പ്രപ്പോസൽ പരിഗണനയിലുണ്ടെന്നും സർക്കാർ അറിയിച്ചു.


കെട്ടിടത്തിനു പുറമേ സിടി, എംആർഐ ഉൾപ്പെടെയുള്ള അത്യാവശ്യ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുവാൻ കഴിയുമോ എന്ന കാര്യവും പരിശോധിക്കുന്നതാണെന്നും സർക്കാർ പറഞ്ഞിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നിലവിലെ കെട്ടിടം ഉപയോഗിക്കാൻ കഴിയില്ലെന്നും പല പ്രശ്‌നങ്ങളും ഇപ്പോൾ തന്നെ ഇവിടെ അഭിമുഖീകരിക്കുന്നുണ്ടെന്നും സർക്കാർ അന്നും വ്യക്തമാക്കിയതാണ്, വേണ്ടത്ര സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇനി സർക്കാർ എന്തു തീരുമാനമെടുക്കുമെന്നത് നിർണായകമാണ്.


കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തണമെന്നു കെട്ടിടം നിർമിക്കുമ്പോൾ തന്നെ അധികൃതർ പറഞ്ഞതാണ്. പക്ഷേ അതുണ്ടായില്ല, മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ പലവിധ ആവശ്യങ്ങൾക്കും ആശുപത്രി ഉപയോഗിക്കണമെന്ന് നിർദേശമുണ്ടായെങ്കിലും സർക്കാർ തീരുമാനം വൈകി. ഇത്ര നാളും കെട്ടിടം വെറുതേ കിടന്നു നശിച്ചു. ചെസ്റ്റ് സ്പെഷ്യൽറ്റി ആശുപത്രി, പെയി‍ൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം, ഡയാലിസിസ് കേന്ദ്രം തുടങ്ങിയവ ഇവ ആരംഭിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

No comments