JHL

JHL

മൊഗ്രാലിൽ ദൃശ്യ വിരുന്ന് ഒരുക്കി എം എസ് മൊഗ്രാൽ ഗ്രന്ഥാലയം





മൊഗ്രാൽ(True News 2 November 2020): ജീവൻ തുടിക്കുന്ന വരകളിലൂടെ വിസ്മയം തീർത്തവർ , പേപ്പറുകളും വലിച്ചെറിയുന്ന വസ്തുക്കളും തെർമോക്കോളുമൊക്കെ ഉപയോഗിച്ച് കൊണ്ട്  അതി മനോഹര വസ്തുക്കൾ ഒരുക്കിയവർ, അറബിക് അക്ഷരങ്ങൾകൊണ്ട് പേനത്തുമ്പിൽ കാലിഗ്രഫി പെരുമ തീർത്തവർ ഒപ്പം കൂട്ടിന് പഴമ വിളിച്ചോതി വേറിട്ട പൈതൃക പ്രദർശനവും ഒത്തു ചേർന്നപ്പോൾ മൊഗ്രാൽ കണ്ടത് ഏറ്റവും മികച്ച ദൃശ്യ വിരുന്ന്. എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം ആണ് കേരളപ്പിറവി ദിനത്തിൽ മൊഗ്രാലിൽ വേറിട്ട ഈ പ്രദർശനം നടത്തിയത് . വളർന്ന് വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് അവസരങ്ങൾ ഒരുക്കാനുമായാണ് വിദ്യാർത്ഥികളുടെയും വലിയവരുടെയും പെയിന്റിങ്, ചിത്രങ്ങൾ, കാലിഗ്രാഫി, കലാ രൂപങ്ങൾ , കരകൗശല വസ്തുക്കൾ മുതലായവ കലാ സൃഷ്ടികളുടെ പ്രദർശനം സംഘടിപ്പിച്ചത്. കലാസൃഷ്ടികളുടെ വില്പനയ്ക്കും അവസരം ഒരുക്കിയിരുന്നു .

ഫാത്തിമത്ത് നിദയുടെ കലാ - കരകൗശല വസ്തുക്കൾ ഏവരുടെയും മനം കവർന്നു . അമാൻ മൊഗ്രാലും മനാസിർ മൊഗ്രാലും നഫീസത്ത് സുസ്‌നയും ചിത്രങ്ങളിലൂടെ ജീവൻ പകർന്നു . ഹിബ ആരിക്കാടിയും ഫാത്തിമത്ത് നവലും കാലിഗ്രഫി കൊണ്ട് വിസ്മയം തീർത്തു . ഇബ്രാഹിം ഖലീൽ എന്ന നാലാം ക്ലാസ്സുകാരൻ ഒരുക്കിയ വീടിന്റെ മാതൃക ഏവരുടെയും പ്രശംസ പിടിച്ചു പറ്റി . സിദ്ദിഖ് അലി മൊഗ്രാലിന്റെ നാണയ - പഴയ കാല വസ്തുക്കളുടെ ശേഖരം പ്രദർശനത്തിന് മാറ്റ് കൂട്ടി . നിരവധി വിദ്യാർഥികൾ പ്രദർശനത്തിന്റെ ഭാഗമായി . ലോക്ക് ഡൗണിന്റെ അലസതയിൽ നിന്നും സർഗാത്മകത തെളിയിക്കാൻ കിട്ടിയ അവസരം വിദ്യാർത്ഥികൾ നന്നായി വിനിയോഗിച്ചു .

കലാപ്രദർശനം മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അബ്ദുല്ല കെ . പൈവളികെ ഉത്ഘാടനം ചെയ്തു . സിദ്ദിഖ് അലി മൊഗ്രാൽ , റാഷിദ് മൊഗ്രാൽ , എം എം നുഹ്മാൻ മാസ്റ്റർ , സിദ്ദിഖ് റഹ്‌മാൻ , ഹനീഫ് മുഹമ്മദ് , ഫവാസ് ഇബ്രാഹിം , നിഹാൽ മൊഗ്രാൽ , അഭിനവ് വിജയ കുമാർ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി .

No comments