JHL

JHL

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനുമേൽ സമ്മർദ്ദം; എം സി ഖമറുദ്ദീന്റെ രാജി ആവശ്യപ്പെട്ടേക്കും;ആസ്തിയേക്കാൾ പത്തിരട്ടിയിലധികം ബാധ്യതയെന്ന് റിപോർട്ട്

കാസർകോട്(True News 4 November 2020): ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.സി.ഖമറുദ്ദീനെക്കൊണ്ട് മഞ്ചേശ്വരം എം.എൽ.എ. സ്ഥാനം രാജിവെക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം. കേസിന്റെ അന്വേഷണം നിർണായകമായ വഴിത്തിരിവിലെത്തി നിൽക്കെ കഴിഞ്ഞദിവസം ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ബാധ്യതകൾ ഖമറുദ്ദീൻ വ്യക്തിപരമായി തീർക്കേണ്ടതാണെന്നും അത് പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നുമുള്ള നിലപാടിലുറച്ച് നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.

വിഷയത്തിൽ അണികൾക്കിടയിൽ ഉയർന്ന പ്രതിഷേധം തണുപ്പിക്കാനും പാർട്ടിക്കുണ്ടായ പരിക്ക് മറികടക്കാനും ഖമറുദ്ദീന്റെ രാജിയിൽ കുറഞ്ഞ മറ്റൊരു നടപടിക്കും കഴിയില്ലെന്ന് വ്യക്തമായതോടെയാണ് നേതൃത്വം കടുത്ത തീരുമാനത്തിന് നിർബന്ധിതരായത്. ആരോപണം ശക്തമായപ്പോൾ യു.ഡി.എഫ്. ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് ഖമറുദ്ദീനെ നീക്കിയിരുന്നു.

ആസ്തി വിറ്റ് ബാധ്യതകൾ തീർക്കുമെന്നാണ് നേരത്തേ പ്രശ്നം സംബന്ധിച്ച ചർച്ചയ്ക്കിടെ നേതൃത്വത്തെ ഖമറുദ്ദീൻ അറിയിച്ചിരുന്നത്. എന്നാൽ, അത് സംബന്ധിച്ച് പഠിക്കാൻ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി നൽകിയ റിപ്പോർട്ടിൽ ആസ്തിയെക്കാളും ബാധ്യതകളാണ് മുഴച്ചുനിന്നത്. എണ്ണൂറോളം പേർക്കായി 120 കോടിയോളം രൂപ നൽകാനുണ്ടെങ്കിലും ആസ്തിയായി ജൂവലറി മാനേജ്മെന്റിന്റെ കൈവശമുള്ളത് 10 കോടി രൂപയിൽ താഴെയാണെന്നായിരുന്നു മാഹിൻ ഹാജിയുടെ റിപ്പോർട്ട്.

തന്റെ ഒരു അഭ്യുദയകാംക്ഷി 200 ഏക്കർ കൈമാറുമെന്നും അത് ഉപയോഗിച്ച് ബാധ്യതകൾ തീർക്കാനാകുമെന്നും ഖമറുദ്ദീൻ വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ടുള്ള രേഖകളോ വിവരങ്ങളോ കൈമാറാൻ ഖമറുദ്ദീന് സാധിച്ചില്ലെന്നാണ് അറിയുന്നത്. ജൂവലറി ചെയർമാൻ എം.സി.ഖമറുദ്ദീനും മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങളും കമ്പനി ചട്ടങ്ങൾ ലംഘിച്ച് ആസ്തിവകകൾ മറിച്ചുവിറ്റത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ പുറത്തുവന്നതും പ്രശ്നത്തിൽ ഇടപെട്ട ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു.

എ.എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ആണ് കേസ്‌ ഇപ്പോൾ അന്വേഷിക്കുന്നത്.

യു.ഡി.എഫ്. ജില്ലാ നേതൃയോഗം ഇന്ന്

എം.സി.ഖമറുദ്ദീൻ വിവാദം ചൂടുപിടിച്ച് നിൽക്കെ യു.ഡി.എഫ്. ജില്ലാ നേതൃയോഗം ബുധനാഴ്ച രാവിലെ 10 മണി മുതൽ കാസർകോട് ഡി.സി.സി. ഓഫീസിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. സംസ്ഥാന കൺവീനർ എം.എം.ഹസ്സൻ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.

No comments