JHL

JHL

10 KM സഞ്ചരിക്കാൻ അരമണിക്കൂർ; ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ


 സമ്പന്നമായ ചരിത്രവും ഐടി ഹബ്ബുകൾ കൊണ്ടും പേരുകേട്ടതാണ് ബാംഗ്ലൂർ. ഇപ്പോൾ മറ്റൊരു വിശേഷണം കൂടി നഗരത്തെ തേടിയെത്തിരിക്കുകയാണ്. വാഹനമോടിക്കാൻ ഏറ്റവും വേഗത കുറഞ്ഞ നഗരമായി ഇന്ത്യയിലെ സിലിക്കൺ വാലിയെ ഒരു പഠനത്തിൽ കണ്ടെത്തി. ബെംഗളൂരുവിലെ തിരക്കിനിടയിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി അരമണിക്കൂർ എടുക്കും. കർണാടക തലസ്ഥാനം ഇക്കാര്യത്തിൽ ലണ്ടൻ കഴിഞ്ഞാൽ രണ്ടാമതാണ്.


ജിയോലൊക്കേഷൻ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് ടോംടോം നടത്തിയ സർവേയിൽ, കഴിഞ്ഞ വർഷം ബംഗളൂരു നഗരത്തിനുള്ളിൽ 10 കിലോമീറ്റർ ദൂരം പിന്നിടാൻ 28 മിനിറ്റ് 9 സെക്കൻഡും എടുത്തതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ഇതേ ദൂരം പിന്നിടാൻ ലണ്ടനിൽ വേണ്ടത് 35 മിനിറ്റ്. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ, ജാപ്പനീസ് നഗരമായ സപ്പോറോ, ഇറ്റലിയിലെ മിലാൻ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ.


പെട്രോൾ, ഡീസൽ എന്നിവയുടെ വിലയും ഇവികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കുമെല്ലാം അടിസ്ഥാനപ്പെടുത്തി ഡ്രൈവിംഗ് ചെലവിനെ കുറിച്ചും ഗവേഷണം പഠനവിധേയമാക്കിയിരുന്നു. ഇത് പ്രകാരം ലോകത്ത് വാഹനമോടിക്കാന്‍ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമായും ലണ്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഹോങ്കോങ് ആണ് ഒന്നാമത്. യുക്രൈന്‍ യുദ്ധം കാരണം ഇന്ധനവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. നീണ്ട ഗതാഗതക്കുരുക്ക് മൂലം ഉണ്ടാകുന്ന സമയ നഷ്ടവും കാർബൺ പുറന്തള്ളലും പഠനം പരിശോധിച്ചിരുന്നു. ഈ കേസുകളിൽ ആദ്യ അഞ്ചിൽ ബെംഗളൂരുവും ഉൾപ്പെടുന്നുണ്ട്.


ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നഷ്ടമായ ശരാശരി സമയം 129 മണിക്കൂറായിരുന്നുവെന്ന് പഠനം പറയുന്നു. ഇക്കാര്യത്തില്‍ ബെംഗളൂരു ടോപ് 5 പട്ടികയില്‍ നാലാം സ്ഥാനത്താണ്. ട്രാഫിക് തിരക്കിനിടയിൽ പ്രസ്തുത സമയത്ത് പെട്രോള്‍ കാറുകള്‍ 974 കിലോ കാര്‍ബണ്‍ പുറന്തള്ളിയതായും പറയുന്നു. 2022ല്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളപ്പെട്ട അഞ്ച് നഗരങ്ങളില്‍ അവസാന സ്ഥാനത്താണ് കര്‍ണാടക തലസ്ഥാനം. ലണ്ടന്‍, പാരീസ്, മനില, ബുക്കാറെസ്റ്റ് എന്നിവ ഇക്കാര്യത്തിൽ ബെംഗളൂരുവിന് മുകളിലാണ്. അതേസമയം ഡീസൽ കാറുകളിൽ നിന്നുള്ള എമിഷൻ ഡാറ്റ പഠനം വെളിപ്പെടുത്തിയിട്ടില്ല.


600 ദശലക്ഷം ഉപകരണങ്ങൾ വിശകലനം ചെയ്താണ് ടോംടോം ഈ കണക്കുകൾ കണ്ടെത്തിയത്. ഇൻ-ഡാഷ് കാർ നാവിഗേഷൻ, സ്മാർട്ട്ഫോണുകൾ, വ്യക്തിഗത നാവിഗേഷൻ ഉപകരണങ്ങൾ, ടെലിമാറ്റിക്സ് സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

No comments