JHL

JHL

നുള്ളിപ്പാടി ജുമാ മസ്‌ജിദ്‌ മിനാരം പൊളിച്ചുമാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക്‌ പൊട്ടിവീണു, വൻ അപകടം ഒഴിവായി


 കാസർകോട് 

നുള്ളിപ്പാടി ജുമാ മസ്‌ജിദ്‌ മിനാരം പൊളിച്ചുമാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക്‌ പൊട്ടിവീണു. ഉടൻ വൈദ്യുതി നിലച്ചതിനാൽ വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മസ്‌ജിദിന്റെ മുൻഭാഗം പൊളിച്ചുമാറ്റേണ്ടിയിരുന്നു.  ജുമാ മസ്ജിദ് കമ്മിറ്റിയുടെ നിർദേശപ്രകാരം സ്വകാര്യ ഏജൻസിയാണ് യന്ത്രസഹായത്തോടെ മിനാരം നീക്കാനെത്തിയത്. മിനാരത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഹിറ്റാച്ചി ഉപയോഗിച്ച്‌ ഇളക്കുന്നതിനിടെ റോഡിലേക്ക് പൊട്ടിവീണു. ഹൈടെൻഷൻ വൈദ്യുതി ലൈനിന് മുകളിൽ പതിച്ചതോടെ വലിയ ശബ്ദത്തോടെ മിനാരം നിലംപൊത്തി. ഒപ്പം പുതിയ ബസ്‌സ്‌റ്റാൻഡിനോടു ചേർന്നുള്ള ട്രാൻസ്‌ഫോർമർ മുതൽ നുള്ളിപ്പാടി വരെയുള്ള 14 ഇരുമ്പ് തൂണുകളും വളഞ്ഞുതൂങ്ങി. നാല് കോൺക്രീറ്റ് തൂണുകൾ തകർന്നു. കമ്പികൾ പൊട്ടി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി അടുത്ത നാളിലാണ്‌ പോസ്‌റ്റുകൾ മാറ്റിസ്ഥാപിച്ചത്‌.വൈദ്യുതി ലൈനുകൾ പൊട്ടി റോഡിലേക്ക്‌ വീണതോടെ പുതിയ ബസ്‌സ്‌റ്റാൻഡ്‌ മുതൽ നുള്ളിപ്പാടി വരെ രണ്ടുമണിക്കൂറോളം ഗതാഗതക്കുരുക്കിലായി. വിദ്യാനഗർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

No comments